പത്തനംതിട്ടയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കലക്ടര്‍ - Collector PB Nooh evaluates covid prevention activities
റാന്നി പെരുന്നാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കലക്ടർ നേരിട്ടെത്തി പരിശോധന നടത്തിയത്
പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായി ജില്ലാ കലക്ടര്‍ പി.ബി നൂഹ് ആശുപത്രികളില്‍ പരിശോധന നടത്തി. റാന്നി പെരുന്നാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവടങ്ങളിലാണ് ബുധനാഴ്ച കലക്ടര്‍ എത്തിയത്. ഈ ആശുപത്രികളില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ കലക്ടര്‍ പരിശോധിച്ചു. കൂടാതെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ സംബന്ധിച്ച രേഖകള്‍, മരുന്ന് സ്‌റ്റോക്ക്, ആരോഗ്യ പ്രവര്‍ത്തകരുടെയും വോളണ്ടിയര്‍മാരുടെയും ഗൃഹസന്ദര്‍ശന രജിസ്റ്റര്‍, ആശാ വര്‍ക്കര്‍മാരുടെ ഭവന സന്ദര്‍ശന രജിസ്റ്റര്‍, കൊവിഡ് 19 ഹൈ റിസ്‌ക്ക് മേഖലയില്‍ നിന്നെത്തിയവരുടെ കണക്കുകള്‍, ഹൈ റിസ്‌ക്ക് മേഖലയില്‍ നിന്നെത്തിയവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയും കലക്ടര്‍ പരിശോധിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ക്ഷേമവും അദ്ദേഹം തിരക്കി. എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷനും പരിശോധനയിൽ പങ്കെടുത്തു.