പത്തനംതിട്ട: കടമ്പനാട് വടക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തിയ മുന്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍. മുന്‍ സെക്രട്ടറി സണ്ണി പി. ശാമുവേല്‍ (56), മുന്‍ അസിസ്റ്റന്‍റ് സെക്രട്ടറി ലിന്‍സി ഐസക്ക് (54) എന്നിവരെയാണ് പൊലീസ് വ്യാഴാഴ്‌ച അറസ്റ്റ് ചെയ്‌തത്. 2016-17 കാലയളവിൽ കടമ്പനാട് വടക്ക് 55-ാം നമ്പർ സഹകരണ ബാങ്കിൽ കണക്കില്‍ കൃത്രിമം കാട്ടിയും വ്യാജ അക്കൗണ്ടുണ്ടാക്കിയും സ്വര്‍ണം പണയം വച്ചും ലോണെടുത്തും തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ്
സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജൂനിയര്‍ ഓഡിറ്റര്‍ അനില്‍ കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 2019ൽ പൊലീസ് കേസെടുത്തത്. ഇത് സംബന്ധിച്ച അന്വേഷണം നടന്നു വരുന്നതിനിടെ വ്യാഴാഴ്‌ച ഇരുവരെയും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്‌ത ശേഷം പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.