പത്തനംതിട്ട: കേരളത്തിൽ റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan Comments on Rubber Sector Crisis in Kerala). നവകേരള സദസിനോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി കേന്ദ്ര സർക്കാർ കേരളത്തിന് റബ്ബർ സബ്സിഡി തുക നൽകുന്നില്ല. റബ്ബറിനെ കാർഷികോത്പന്നമായി കണക്കാക്കാനും കേന്ദ്ര സർക്കാർ തയ്യാറല്ല. വിപണിയിൽ ഇടപെടാൻ സർക്കാരിനു സാധിച്ചിരുന്ന നയം അട്ടിമറിക്കപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഗുരുതരമായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി (Pinarayi Vijayan Blames Central Govt).
ഉദാരവത്കരണ നയങ്ങളുടെ തിക്തഫലമാണ് റബ്ബർ കർഷകരുടെ ഇന്നത്തെ അവസ്ഥ. ഇറക്കുമതിച്ചുങ്കം വർദ്ധിപ്പിച്ചാൽ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാം. ആഗോള കരാറുകളുടെ ഭാഗമായതിനാൽ അത് സാധ്യമല്ല എന്നാണ് കേന്ദ്രം പറയുന്നത്. വ്യാവസായിക അസംസ്കൃത വസ്തുവായി പരിഗണിക്കുന്നത് മാറ്റി റബ്ബറിനെ കാർഷികോത്പന്നമായി കണക്കാക്കാനും കേന്ദ്ര സർക്കാർ തയ്യാറല്ല.സ്വാഭാവിക പരുത്തിക്ക് ആണ്ടുതോറും ന്യായവില ഉയർത്തിക്കൊടുക്കാൻ തടസ്സമില്ലാത്തവർക്ക്, റബ്ബറിന്റെ ഇറക്കുമതി മാത്രം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രസ്താവന, പൂർണരൂപം:
കോട്ടയം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റബ്ബർ കൃഷി ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്. ‘‘വെെറ്റ് ഗോൾഡ്’’ (വെളുത്ത സ്വർണം) എന്നാണ് റബ്ബർ അറിയപ്പെട്ടിരുന്നത്. 2011 കാലത്ത് കിലോയ്ക്ക് 230–240 രൂപ വരെ വില ഉണ്ടായിരുന്ന റബ്ബറിന് 2023 ജൂൺ–ജൂലെെയിൽ ലഭിച്ചത് 120 രൂപ മാത്രമാണ്. വലിയ വില തകർച്ചയാണിത്.
ഉദാരവത്കരണ നയങ്ങളുടെ തിക്തഫലമാണ് റബ്ബർ കർഷകരുടെ ഇന്നത്തെ അവസ്ഥ. കൃഷിക്കാർക്ക് അവർ ഉത്പാദിപ്പിക്കുന്ന റബ്ബറിനു ന്യായവില ഉറപ്പാക്കിയിരുന്ന, വിപണിയിൽ ഇടപെടാൻ സർക്കാരിനു സാധിച്ചിരുന്ന നയം അട്ടിമറിക്കപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഈ രൂപത്തിൽ ഗുരുതരമായത്. ഇപ്പോൾ കേരളത്തിൻ്റെ റവന്യൂ വരുമാനത്തിൽ വലിയ പങ്കുവഹിച്ചിരുന്ന റബ്ബർ കാർഷിക മേഖല പ്രതിസന്ധിയിലായി.
Also Read:മഴ മറയിട്ട് ടാപ്പിങ് തുടങ്ങി; വിലയിടിവിനെ തുടർന്ന് റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിൽ
മിക്കവാറും എല്ലാ ആസിയാൻ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചുങ്കം പൂർണമായും ഒഴിവാക്കിയാണ് രാജ്യത്തേക്ക് റബ്ബർ ഇറക്കുമതി ചെയ്യുന്നത്. 2005 - 2006-ൽ 45,000 ടൺ ആണ് ഇറക്കുമതി ചെയ്തതെങ്കിൽ ഇപ്പോൾ അത് 5 ലക്ഷത്തിലധികം ടണ്ണാണ്, അതായത് ഏകദേശം 12 ഇരട്ടിയാണ് നിലവിൽ ഇറക്കുമതി ചെയ്യുന്നത്. 2021 - 2022 ൽ റബ്ബർ ഉപഭോഗം 12 ലക്ഷം ടൺ ആയി വർധിച്ചെങ്കിലും ആഭ്യന്തര ഉൽപാദനം 5.6 ലക്ഷം ടൺ ആയി കുറഞ്ഞു.
നമ്മുടെ നാട്ടിൽ ഒരു റബ്ബർ കർഷകന് ഹെക്ടർ ഒന്നിന് 25,000 രൂപ സബ്സിഡി ലഭിക്കുമ്പോൾ തായ്ൻലഡിൽ ഹെക്ടര്‍ ഒന്നിന് 2,08,000 രൂപയും മലേഷ്യയിൽ 1,57,800 രൂപയും ശ്രീലങ്കയിൽ 64,200 രൂപയുമാണ് സബ്സിഡി ലഭിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി കേന്ദ്ര സർക്കാർ കേരളത്തിന് ഈ തുക നൽകുന്നില്ല.
ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചാൽ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാം. ആഗോള കരാറുകളുടെ ഭാഗമായതിനാൽ അത് സാധ്യമല്ല എന്നാണ് കേന്ദ്രം പറയുന്നത്. വ്യാവസായിക അസംസ്കൃത വസ്തുവായി പരിഗണിക്കുന്നതു മാറ്റി റബ്ബറിനെ കാർഷികോത്പന്നമായി കണക്കാക്കാനും കേന്ദ്ര സർക്കാർ തയ്യാറല്ല. സ്വാഭാവിക പരുത്തിക്ക് ആണ്ടുതോറും ന്യായവില ഉയർത്തിക്കൊടുക്കാൻ തടസ്സമില്ലാത്തവർക്ക്, റബ്ബറിന്റെ ഇറക്കുമതി മാത്രം നിയന്ത്രിക്കാൻ കഴിയുന്നില്ല.
ഇതിനു പിന്നിലെ പ്രധാന കാരണം രാജ്യത്തെ ടയർ നിർമ്മാണ കുത്തകകൾക്കായി റബ്ബറിൻ്റെ വിലയിടിച്ചു നിർത്തുക എന്ന ലക്ഷ്യമാണ്. റബ്ബർ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ ടയർ കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. ഉദാഹരണത്തിന് സംസ്ഥാനത്തെ പ്രമുഖ ഗ്രൂപ്പിൻ്റെ ടയർ കമ്പനിക്ക് 2013 സെപ്റ്റംബറിൽ ഉണ്ടായിരുന്ന സമാഹൃത മൂല്യം 3645 കോടി രൂപയായിരുന്നെങ്കിൽ, 2023 മാർച്ച് ആയപ്പോൾ 14509 കോടി രൂപയായി ഉയർന്നു. പത്ത് വർഷം കൊണ്ട് സമാഹൃത മൂല്യം നാലിരട്ടിയാണ് കൂടിയത്. മറ്റൊരു പ്രധാന ടയർ കുത്തക കമ്പനിയുടെ വളർച്ച അഞ്ചിരട്ടിയാണ്.
Also Read:റബ്ബർ ബോർഡ് വാണിജ്യമന്ത്രാലയത്തിന്റെ റബ്ബർ സ്റ്റാബായി അധഃപതിച്ചു: ഇൻഫാം
റബ്ബർ കർഷകർ ദുരിതങ്ങൾ നേരിടുന്ന ഘട്ടത്തിൽ അതിനെ കൂടുതൽ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയർ കമ്പനികൾ നടത്തുന്നതെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി സി ഐ) കണ്ടെത്തിയിരുന്നു. പ്രമുഖ ടയർ കമ്പനികളും അവരുടെ കോർപ്പറേറ്റ് ലോബിയിങ് കമ്പനിയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷനും കോമ്പറ്റീഷൻ നിയമം ലംഘിച്ചുകൊണ്ട് കാർട്ടൽ രൂപീകരിക്കുകയും, വിവരങ്ങൾ പങ്കിടുകയും ടയർ വിലകൾ നിശ്ചയിക്കുകയും ചെയ്തെന്നാണ് സി സി ഐ കണ്ടെത്തിയത്.
ടയറുകൾ നിർമിക്കാനുള്ള മുഖ്യ അസംസ്കൃത വസ്തുവായ സ്വാഭാവിക റബ്ബറിൻ്റെയടക്കം എല്ലാ അസംസ്കൃത വസ്തുക്കളുടെയും ആകെ വില ഇടിഞ്ഞപ്പോഴും, ഉയർത്തിയ ടയർ വില നിലനിർത്താന്‍ ടയർ കമ്പനികൾ ഒത്തുകളിച്ചു. ഉപഭോക്താക്കളെ കൂടി വഞ്ചിച്ച കമ്പനികൾക്ക് 1788 കോടി രൂപയുടെ അതിഭീമമായ പിഴയാണ് സിസിഐ ചുമത്തിയത്. എന്നാൽ ഈ പിഴ ഈടാക്കി അതിൽ നിന്ന് കർഷകർക്കു കൂടി അവകാശപ്പെട്ട തുക നൽകുന്നതിനു പകരം നടപടിയെടുക്കാൻ മടിച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ.