പത്തനംതിട്ട : ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിന്‍റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിച്ച് പത്തനംതിട്ടയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉടന്‍ നടപ്പിലാക്കേണ്ടവ, ഹ്രസ്വകാലത്തില്‍ പൂര്‍ത്തിയാക്കേണ്ടവ, ദീര്‍ഘകാലത്തിനുള്ളില്‍ ഉറപ്പാക്കേണ്ടവ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.
അതില്‍ ഏറെ വേഗത്തില്‍ നടപ്പാക്കേണ്ട ഒന്നായിരുന്നു കൈവശാവകാശ രേഖകള്‍ ലഭ്യമാക്കല്‍. അതിന്‍റെ ഭാഗമായാണ് അവകാശം അതിവേഗം എന്ന പേരില്‍ ഓരോ കുടുംബത്തിനും അര്‍ഹമായ അവകാശ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. 2,553 കുടുംബങ്ങള്‍ക്ക് ഇതുവഴി റേഷന്‍ കാര്‍ഡും 3,125 പേര്‍ക്ക് ആധാര്‍ കാര്‍ഡും 3,174 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കി. അതി ദരിദ്രരില്‍പ്പെട്ട 887 പേര്‍ക്ക് സാമൂഹ്യസുരക്ഷ പെന്‍ഷന്‍ അനുവദിച്ചു. 1,281 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും 777 പേര്‍ക്ക് ബാങ്ക് അക്കൗണ്ടും 1,174 പേര്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ കാര്‍ഡും ലഭ്യമാക്കി. മൂന്ന് പേര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. 198 പേര്‍ക്ക് പാചകവാതക കണക്ഷനും 118 പേര്‍ക്ക് വൈദ്യുതി കണക്ഷനും നല്‍കി. 45 പേര്‍ക്ക് പ്രോപ്പര്‍ട്ടി സര്‍ട്ടിഫിക്കറ്റും നല്‍കി. 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. 391 പേരെ കുടുംബശ്രീയുടെ ഭാഗമാക്കി.
വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്ന, വീട് മാത്രം ആവശ്യമുള്ള 5,724 കുടുംബങ്ങളെയും വസ്‌തുവും വീടും ആവശ്യമുള്ള 5,616 കുടുംബങ്ങളെയും ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 11,340 അതിദരിദ്ര കുടുംബങ്ങള്‍ക്കാണ് പുതുതായി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചത്. 2020 ലെ ലൈഫ് പട്ടികയില്‍ വീട് മാത്രം ആവശ്യമുള്ള 2,672 അതിദരിദ്രരും വസ്‌തുവും വീടും ആവശ്യമുള്ള 1,482 അതിദരിദ്രരും ഉള്‍പ്പെട്ടിരുന്നു. ഭക്ഷണം ആവശ്യമുള്ളവരും എന്നാല്‍ പാചകം ചെയ്‌ത് കഴിക്കാന്‍ സാഹചര്യമില്ലാത്തവരുമായ അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യ കിറ്റും നല്‍കുന്നുണ്ട്. ജനകീയ ഹോട്ടല്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ സംയോജിപ്പിച്ചാണ് ഭക്ഷണ വിതരണം നടക്കുന്നത്.
മൂന്നുമാസം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള കാലയളവുകൊണ്ട് ചെയ്യാവുന്ന പദ്ധതികളാണ് ഹ്രസ്വകാല പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, പഠനസൗകര്യങ്ങള്‍ ഒരുക്കല്‍, സ്ഥിരമായ ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ മുതലയായവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികളാണ് ദീര്‍ഘകാല സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, പുനരധിവാസം, വരുമാനം തുടങ്ങിയവയ്ക്ക് മുഖ്യ പരിഗണന നല്‍കിക്കൊണ്ടുള്ള മൈക്രോ പ്ലാനുകളുടെ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനതലങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു.