പത്തനംതിട്ട: നഗരസഭയിൽ അലോപ്പതി ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ ഭരണ പ്രതിപക്ഷ തർക്കം. ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷാംഗങ്ങൾ തടസപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുക്കുകയായിരുന്നു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. ദേശിയ ആരോഗ്യദൗത്യം പ്രകാരം നിർമ്മിച്ച കുമ്പഴയിലെ അലോപ്പതി ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങാണ് സംഘർഷത്തിൽ കലാശിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാതെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടനം തട്ടിക്കൂട്ടിയത് എന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ ഭരണ പ്രതിപക്ഷ തർക്കം
പത്തനംതിട്ട നഗരസഭയിൽ അലോപ്പതി ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങാണ് സംഘർഷത്തിൽ കലാശിച്ചത്
സംഘർഷത്തിനിടെ പരിക്കേറ്റ നഗരസഭ ചെയർപേഴ്സൺ റോസ്ളിൻ സന്തോഷിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭ കൗൺസിലിൽ ആശുപത്രി ഉദ്ഘാടനം സംബന്ധിച്ച ചർച്ച നടത്തിയിട്ടില്ല എന്ന് മുൻ നഗരസഭ അധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു. സംഘർഷത്തെ തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്ത് എത്തി. യുഡിഫിന്‍റെയും, എൽഡിഎഫിന്‍റെയും ജില്ലാ നേതാക്കൾ സ്ഥലത്ത് എത്തിയത് വീണ്ടും പ്രശനത്തിനിടയായി. നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തികരിച്ചതിന് ശേഷം ആശുപത്രിയുടെ ഉദ്ഘാടനം നടത്തിയാൽ മതിയെന്നാണ് ഇടത് കൗൺസിലർമാരുടെ നിലപാട്.