കേരളം

kerala

ETV Bharat / state

സാമ്പത്തിക ഇടപാടിനെച്ചൊല്ലി മത്സ്യ കച്ചവടക്കാർ തമ്മിൽ അടിപിടി; രണ്ടു കേസുകളിലായി 3 പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്‌ച 13 ന് രാത്രി 10 ന് പുല്ലാട് ജങ്ഷനില്‍ വച്ചാണ് ജോജി വര്‍ഗീസിന് മര്‍ദനമേറ്റത്. കച്ചവടം കഴിഞ്ഞ് ബാക്കിവന്ന മത്സ്യം ചന്തയിലെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ എത്തിയപ്പോള്‍ ബൈക്കിൽ വന്ന പ്രതികള്‍ മര്‍ദിക്കുകയും സോഡാക്കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു

അടിപിടി  കേസ്  മർദ്ദനം  പത്തനംതിട്ട  പൊലിസ്  case  arrest  pathanamthitta  മത്സ്യ കച്ചവടക്കാർ
മത്സ്യ കച്ചവടക്കാർ

By

Published : Mar 21, 2023, 6:47 AM IST

Updated : Mar 21, 2023, 7:29 AM IST

പത്തനംതിട്ട: പുല്ലാട് മത്സ്യകച്ചവടത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരികള്‍ തമ്മില്‍ നടന്ന അടിപിടിയിൽ രണ്ടു കേസുകളിലായി മൂന്നു പേർ അറസ്റ്റിൽ. പുല്ലാട് കാലായില്‍ പടിഞ്ഞാറേതില്‍ ട്യൂട്ടര്‍ എന്ന് വിളിക്കുന്ന അരീഷ് കെ. രാജപ്പന്‍ (37), കുറവന്‍കുഴി പാറയില്‍ പുരയിടം വീട്ടില്‍ കുഞ്ഞാലി എന്ന് വിളിക്കുന്ന അനില്‍ കുമാര്‍ (45), പുറമറ്റം ഉമിക്കുന്നുമല തോപ്പില്‍ വീട്ടില്‍ ജോജി വര്‍ഗീസ്(56) എന്നിവരാണ് അറസ്റ്റിലായത്. മത്സ്യ കച്ചവടക്കാരനായ ജോജി വര്‍ഗീസിനെ മര്‍ദിക്കുകയും തലയ്ക്ക് സോഡാക്കുപ്പി കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്‌തുവെന്ന കേസിലാണ് രണ്ടു പേർ അറസ്റ്റിലായത്. കേസിൽ ഒരാൾ ഒളിവിലാണ്.

അരീഷ് കുമാറിന്‍റെ കൈക്ക് മീന്‍ വെട്ടാനുപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടി, വിരല്‍ അടിച്ചൊടിച്ചുവെന്നും ഇയാളുടെ ഭാര്യ രജനി നല്‍കിയ ഹര്‍ജിയിൽ കോടതി നിര്‍ദേശ പ്രകാരം പോലീസ് എടുത്ത കൗണ്ടര്‍ കേസിലാണ് ജോജിയെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ തിങ്കളാഴ്‌ച 13 ന് രാത്രി 10 ന് പുല്ലാട് ജങ്ഷനില്‍ വച്ചാണ് ജോജി വര്‍ഗീസിന് മര്‍ദനമേറ്റത്. കച്ചവടം കഴിഞ്ഞ് ബാക്കിവന്ന മത്സ്യം ചന്തയിലെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ എത്തിയപ്പോള്‍ ബൈക്കിൽ വന്ന പ്രതികള്‍ മര്‍ദിക്കുകയും സോഡാക്കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കോയിപ്രം എസ് ഐ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ഭര്‍ത്താവിനെ ജോജി വര്‍ഗീസ് മര്‍ദിച്ചുവെന്നും കൈക്ക് വെട്ടിയെന്നും അടിച്ച്‌ പരുക്കേല്‍പ്പിച്ചുവെന്നും അരീഷ് കുമാറിന്‍റെ ഭാര്യ രജനി പത്തനംതിട്ട ജെ എഫ് എം രണ്ട് കോടതിയിൽ ഹർജി നൽകി. തന്‍റെ കച്ചവടത്തില്‍ ഇടിവുണ്ടായി എന്നാരോപിച്ചാണ് ജോജി മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് തന്‍റെ ഭര്‍ത്താവിനെ വെട്ടി കൈക്ക് പരിക്കും വിരലുകള്‍ക്ക് പൊട്ടലുമുണ്ടാക്കിയതെന്നായിരുന്നു രജനിയുടെ ഹര്‍ജി.

കോടതി നിര്‍ദേശപ്രകാരം കോയിപ്രം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജോജി വര്‍ഗീസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അരീഷ് മുന്‍പും കോയിപ്രം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ പ്രതിയാണ്. കോടതി നിര്‍ദേശ പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്ന് സംഭവസ്ഥലത്തുനിന്നും കത്തി പൊലിസ് കണ്ടെടുത്തു. എസ് ഐ സുരേഷ് കുമാറിനാണ് രണ്ട് കേസുകളുടെയും അന്വേഷണച്ചുമതല.

കൊല്ലത്ത് 61 കാരന് പൊലീസിന്‍റെ ക്രൂര മർദനം: 61 വയസുകാരനെ കൊല്ലത്ത് പൊലീസുകാർ മർദിച്ചതായി പരാതി. കൊല്ലം ഉമയൻനല്ലൂർ പട്ടരുമുക്കിൽ എസ് ആർ മൻസിലിൽ ഷാജഹാനാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. കൊല്ലം ഈസ്റ്റ് സിഐയും എസ്ഐയും ചേർന്ന് സ്റ്റേഷനു പിന്നിലെ മുറിയിൽ കൊണ്ടുപോയി തന്നെ ക്രൂരമായി മർദിച്ചുവെന്നും മർദനത്തെ തുടർന്ന് മൂക്കിൽനിന്ന് രക്തസ്രാവം ഉണ്ടായെന്നുമാണ് ഷാജഹാന്‍റെ മൊഴി.

കട വാടകക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവതി നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മർദിച്ചതെന്ന് ഷാജഹാൻ പറഞ്ഞു. വടക്കേവിളക്ക് സമീപം ഷാജഹാന് ഉണ്ടായിരുന്ന കടമുറി വാടകയ്ക്ക് വേണം എന്നാവശ്യപ്പെട്ട് അൻസർ എന്നയാളും ഒരു യുവതിയും കഴിഞ്ഞ ദിവസം എത്തിയിരുന്നു. പക്ഷേ ഷാജഹാൻ മറ്റൊരാൾക്ക് കടമുറി വാടകയ്ക്ക് നൽകിയെന്നും ഇവർക്ക് വാടകയ്ക്ക് കൊടുക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇതിൽ പ്രകോപിതയായ സ്ത്രീയാണ് തനിക്കെതിരെ വ്യാജപരാതി നൽകിയതെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നും ഷാജഹാൻ അറിയിച്ചു.

Last Updated : Mar 21, 2023, 7:29 AM IST

ABOUT THE AUTHOR

...view details