ശബരിമല: ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമാണം വേണമെന്ന സുപ്രീം കോടതി ഉത്തരവ് പരിശോധിക്കാൻ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ ധൃതി പിടിച്ച് തീരുമാനമെടുക്കരുത്. നിയമ നിർമാണം വരുന്നതിന് മുമ്പ് സമവായത്തിലെത്തണമെന്നും രമേശ് ചെന്നിത്തല ശബരിമലയിൽ പറഞ്ഞു.
ശബരിമലയിൽ നിയമ നിർമാണം; സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് ചെന്നിത്തല
ഭരണഘടന പരമായ കാര്യങ്ങൾ പരിഗണിക്കാതെ സർക്കാർ ധൃതിപിടിച്ച് തീരുമാനം കൈക്കൊള്ളരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
ശബരിമലയ്ക്കായി തിരുപ്പതി മോഡലിൽ പ്രത്യേക ബോർഡ് രൂപീകരിക്കുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1500ഓളം ക്ഷേത്രങ്ങൾ നിത്യപൂജയ്ക്ക് വകയില്ലാതെ പ്രതിസന്ധിയിലാകും. നിയമപരമായും, ഭരണഘടന പരമായ കാര്യങ്ങൾ പരിഗണിക്കാതെ സർക്കാർ ധൃതിപിടിച്ച് തീരുമാനം കൈക്കൊള്ളരുത്. ഇത് സംബന്ധിച്ച് ധാരാളം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. ഇത് പരിശോധിക്കാൻ സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
തീർഥാടനകാലം സമാധാനപരമായി മുന്നോട്ട് പോകുന്നതിൽ ഭക്തൻ എന്ന നിലയിൽ സന്തോഷമുണ്ട്. ഈ നിലപാട് സർക്കാർ നേരത്തെ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. പൊലീസുകാരുടെ മെസ് അലവൻസ് കുറച്ചത് ശരിയല്ല. 90ആയി നിലനിർത്തുകയോ 120ആയി വർധിപ്പിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.