ആറന്മുള ഭഗവാന് പാളത്തൈരുമായി ചേനപ്പാടി കരക്കാരെത്തി - ചേനപ്പാടി കര
അഷ്‌ടമിരോഹിണി നാളിൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്കായി വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയിൽ കോട്ടയം ചേനപ്പാടി കരയിൽ നിന്നുള്ള പാളത്തൈര് ഒഴിച്ച് കൂടാനാവാത്ത വിഭവമാണ്
പത്തനംതിട്ട:ആറന്മുള ഭഗവാന്‍റെ പിറന്നാൾ സദ്യക്കായുള്ള പാളത്തൈരുമായി ചേനപ്പാടി കരക്കാർ ആറൻമുളയിലെത്തി. പതിവുപോലെ ചേനപ്പാടിയില്‍ നിന്നുള്ള പാളത്തൈര് കരക്കാരുടെ നേതൃത്വത്തിൽ ഘോഷയാത്രയായാണ് എത്തിച്ചത്. കരയിലെ വീടുകളിൽ നിന്ന് വ്രതനിഷ്‌ഠയോടെ പാളകളിൽ എത്തിച്ച 100 ലിറ്ററോളം തൈരും വാഴുർ തീർഥപാദാശ്രമത്തിലെ ഗോശാലയിൽ നിന്നു 1300 ലിറ്റർ തൈരും ഉൾപ്പടെ 1400 ലിറ്റർ തൈരാണ് ഇവിടെ എത്തിച്ചത്. വാഴുർ തീർഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡ ധ്വജ തീർഥപാദരുടെ നേത്യത്വത്തിലാണ് തൈര് ഭഗവാന് സമർപ്പിച്ചത്. അഷ്‌ടമിരോഹിണി നാളിൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്കായി വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയിൽ കോട്ടയം ചേനപ്പാടി കരയിൽ നിന്നുള്ള പാളത്തൈര് ഒഴിച്ച് കൂടാനാവാത്ത വിഭവമാണ്. വള്ളസദ്യയിൽ ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര് കരക്കാർ പാടി ചോദിക്കുന്നത് പതിവാണ്.