പത്തനംതിട്ട: അടൂർ എംസി റോഡിൽ നർക്കോട്ടിക് സെല്ലും എക്‌സൈസും പൊലീസും ചേർന്ന് കഞ്ചാവുമായി സ്‌കൂട്ടറിലെത്തിയ യുവാക്കളെ സാഹസികമായി പിടികൂടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി പാലമേൽ കുടശനാട് കഞ്ചികോട് പൂവണ്ണംതടത്തില്‍ അന്‍സല്‍ (27), അടൂർ മേലൂട് സതീഷ് ഭവനിൽ വിനീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂട്ടറിന്‍റെ സീറ്റിനടിയില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവുമായി സ്‌കൂട്ടറിലെത്തിയ യുവാക്കളെ പിടികൂടിയത് സാഹസികമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കഞ്ചാവുമായി രണ്ട് പേർ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ നർകോട്ടിക് സെൽ ഡിവൈഎസ്‌പി ആർ. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്
കഴിഞ്ഞ ജൂണ്‍ 29ന് വൈകിട്ട് 6.40 ന് എംസി റോഡിൽ നെല്ലിമൂട്ടിൽപ്പടി ട്രാഫിക് പോയിന്‍റിൽ വച്ചായിരുന്നു സംഭവം. ആന്‍റി നർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), അടൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഏനാത്ത് നിന്നും അടൂർ ഭാഗത്തേക്ക് സ്‌കൂട്ടറിൽ കഞ്ചാവുമായി രണ്ട് പേർ വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നർകോട്ടിക് സെൽ ഡിവൈഎസ്‌പി ആർ. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.
ഡാൻസാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർ ഏനാത്ത്, നെല്ലിമൂട്ടിൽപ്പടി റൂട്ടിൽ നടത്തിയ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തടയുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞുവീണ് ഡാൻസാഫ് അംഗമായ എസ് ഐ അജി സാമുവലിന്‍റെ കാലിന് പരിക്കേറ്റിരുന്നു. അൻസൽ അടൂർ, നൂറനാട്, ഹരിപ്പാട്, കായംകുളം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, സ്‌ത്രീകളെ അപമാനിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.