പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് തെളിവുസഹിതം കണ്ടെത്തിയാല്‍ പൊലീസ് കേസെടുക്കുമെന്ന് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ കര്‍ശനമായി പരിശോധിക്കും. 12 തഹസില്‍ദാര്‍മാരടങ്ങുന്ന ടീമുകള്‍, സബ് കലക്‌ടറിന്‍റെ നേതൃത്വത്തിലുള്ള ടീം, ആര്‍ഡിഒയുടെ ടീം, 20 പൊലീസ് സ്‌റ്റേഷനുകളിലെ ടീം എന്നിവര്‍ വീടുകളില്‍ നേരിട്ട് പരിശോധന നടത്തും. വീടുകളില്‍ കഴിയാതെ പുറത്തുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. മൈക്രോ ഫിനാന്‍സുകള്‍ വീടുകളിലെത്തി പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിരിവ് നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു.
എടിഎം കൗണ്ടറുകളില്‍ സാനിറ്റൈസറുകള്‍ സ്ഥാപിക്കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഞായറാഴ്‌ചത്തെ ജനതാ കര്‍ഫ്യുവിലെ നിര്‍ദേശങ്ങളെല്ലാം ജനങ്ങള്‍ കൃത്യമായി പാലിക്കണം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഒമ്പത് വരെയും വീട്ടില്‍ തന്നെ കഴിയണം. സ്വകാര്യവാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വേണ്ട മുന്‍കരുതല്‍ എന്ന നിലയില്‍ ഐസൊലേഷന് വേണ്ടി കാര്‍മല്‍ എഞ്ചിനീയറിങ് കോളജില്‍ 250 റൂമുകള്‍ ലഭ്യമാക്കും. കൂടുതല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയിലെ ബോയ്‌സ്, ഗേള്‍സ് ഹോസ്റ്റലിലെ 500 മുറികള്‍ നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ വ്യക്തമാക്കി.