പത്തനംതിട്ട: പന്തളത്ത് ലോഡ്‌ജിൽ നിന്ന് ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിൽ. പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളുമായി ഈ മാസം 7 നാണ് ബെംഗളൂരുവിലേക്ക് തിരിച്ചത്. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്‍റെ നിർദേശ പ്രകാരം ശനിയാഴ്‌ച മുതൽ 6 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ സംഘം, എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
വ്യാഴാഴ്‌ച വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ലഹരിമരുന്ന് പിടിച്ചെടുത്ത ദിവസം തന്നെ കേസിന്‍റെ ഊർജിതമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ജില്ല പൊലീസ് മേധാവി നിയോഗിച്ചിരുന്നു. പൊലീസ് ഇൻസ്‌പെക്‌ടറെ കൂടാതെ പന്തളം എസ്ഐ നജീബ്, സിപിഒ ശരത്, നാദിർഷ, അരുൺ, രഘു, ഡാൻസാഫ് എസ്ഐ അജി സാമുവൽ, സിപിഒ സുജിത് എന്നിവരാണ് ബെംഗളൂരുവിലേക്ക് തിരിച്ച സംഘത്തിലുള്ളത്.
മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ല പൊലീസ് ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായിരുന്നു ഇത്. പന്തളം മണികണ്‌ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്‌ജിൽ നിന്ന് ജൂലൈ 30 ന് ഉച്ചയ്ക്ക് ശേഷമാണ് ഇവരെ 154 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്തത്.
ഏകദേശം 15 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാഹുൽ ആർ (29), കൊല്ലം കുന്നിക്കോട് അസ്‌മിന മന്‍സിലിൽ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ ആര്യൻ പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ വിധു കൃഷ്‌ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 9 മൊബൈൽ ഫോണുകളും, ഇവർ ഉപയോഗിച്ചിരുന്ന രണ്ട് ആഢംബര കാറുകളും ഒരു ബൈക്കും പെൻ ഡ്രൈവുകളും ഗർഭനിരോധന ഉറകളും വൈബ്രേറ്ററും മറ്റും പൊലീസ് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.