പത്തനംതിട്ട : റാന്നി കോട്ടാങ്ങലില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകർ 'ഞാൻ ബാബറി' എന്ന ബാഡ്‌ജ് ധരിപ്പിച്ച സംഭവത്തിൽ പൊലീസ് എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തു.
ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്‌നു നസീറും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മതസ്‌പര്‍ധ വളര്‍ത്താനും സാമുദായിക ലഹള സൃഷ്‌ടിക്കാനും പ്രതികള്‍ നീക്കം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കോട്ടാങ്ങല്‍ സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളിലെ കുട്ടികളെ യൂണിഫോമിലും ഉടുപ്പിലുമായി 'ഐ ആം ബാബറി' എന്ന ബാഡ്‌ജ് ധരിപ്പിച്ചെന്നാണ് പരാതി. ബാഡ്‌ജുമായി കുട്ടികള്‍ സ്‌കൂളില്‍ എത്തിയതറിഞ്ഞ് ഹെഡ്‌മാസ്റ്ററും രക്ഷിതാക്കളും പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.