പത്തനംതിട്ട: സ്വന്തം നഗ്ന ശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടു നൽകിയ രഹ്നാ ഫാത്തിമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെ രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല ബാറിലെ പ്രമുഖ അഭിഭാഷകനും ബി ജെ പി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഏ വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്. ജുവനൈയിൽ ജസ്റ്റിസ് ആക്‌ട് പ്രകാരവും ഐ റ്റി ആക്‌ട് പ്രകാരവുമാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കുന്നതെന്ന് തിരുവല്ല ഡിവൈ എസ് പി ടി രാജപ്പൻ പറഞ്ഞു. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെയാണ് തന്‍റെ നഗ്ന മേനിയിൽ ചിത്രം വരയ്ക്കുന്ന മക്കളുടെ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ രഹ്ന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
സ്‌ത്രീ ശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്‌ട്രീയ പ്രവർത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പിൽ രഹ്ന അവകാശപ്പെടുന്നുണ്ട്. നഗ്നതയെക്കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും സാധിക്കാത്ത വിധം സ്‌ത്രീകളുടെ നാവിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തിൽ ഇത്തരം ധീരമായ പ്രവർത്തികൾ കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാണെന്നും രഹ്ന കുറിപ്പിൽ പറയുന്നു.