പത്തനംതിട്ട: കോന്നിയിൽ ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍ മാമ്പാറ എം.എസ് മധുവാണ് (65) മരിച്ചത്. ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്‌ച രാവിലെ 7.15ന് കോന്നി തണ്ണിത്തോട് റോഡിൽ കൊന്നപ്പാറ വിഎന്‍എസ് കോളജിന് സമീപമാണ് അപകടമുണ്ടായത്. തണ്ണിത്തോട്ടില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ചിറ്റാറിലേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലോറിയുടെ ക്യാബിനില്‍ കുടുങ്ങിപ്പോയ മധു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സിപിഎമ്മിന്‍റെ രക്തസാക്ഷി എം.എസ്. പ്രസാദ്, സിപിഎം റാന്നി ഏരിയ സെക്രട്ടറി എം.എസ്. രാജേന്ദ്രന്‍ എന്നിവരുടെ സഹോദരനാണ് മരിച്ച മധു.
ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്‌തതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കേരളത്തില്‍ റോഡ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു: ഏതാനും ദിവസം മുമ്പാണ് തൃശൂരില്‍ നിന്നുള്ളൊരു വാഹനാപകടത്തിന്‍റെ വാര്‍ത്ത പുറത്ത് വന്നത്. പുതുക്കാട് ജങ്ഷനില്‍ വച്ചാണ് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സിഗ്നലില്‍ നിര്‍ത്തിയിട്ട എട്ട് വാഹനങ്ങളിലേക്ക് ടോറസ് ലോറി പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്.
അപകടം സൃഷ്‌ടിച്ച ടോറസ് ലോറിയും സിഗ്നലില്‍ നിര്‍ത്തിയിട്ട നാല് കാറുകളും ഒരു സ്‌കൂട്ടറും ഒരു ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോകുന്നതിനായി സിഗ്‌നലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് ലോറി ഇടിച്ച് കയറുകയായിരുന്നു. ലോറിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.