പത്തനംതിട്ട: മലയാലപ്പുഴ വെട്ടൂര്‍ സ്വദേശി അജേഷ് കുമാറിനെ (ബാബുക്കുട്ടൻ-38)ഇന്നോവ കാറില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. കോഴിക്കോട് കോട്ടൂളി പുതിയറ നടുപ്പനം വീട്ടില്‍ അക്ഷയ്(32), സഹോദരന്‍ അശ്വിന്‍ (35) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്‌ത ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികളിൽ ഒരാളുടെ ഭാര്യയുടെ ഫോണിലേക്ക് അജേഷ് കുമാർ മെസേജുകൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് അറിയുന്നത്. എന്നാൽ തട്ടിക്കൊണ്ടു പോകൽ സംഘത്തിൽ ഉൾപ്പെട്ട ബാക്കി പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവരെ കൂടി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്‌താലേ സംഭവത്തിന്‍റെ കൃത്യമായ കാരണം വ്യക്തമാകൂ.
പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി: കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞാണ് വെട്ടൂരിലെ വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. പിറ്റേന്ന് പുലര്‍ച്ചെ ഇയാളെ കാലടി പൊലീസ് സ്‌റ്റേഷനു സമീപം ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം അജേഷിനെ ക്രൂരമായി മര്‍ദിച്ചു.
ഇവർ സഞ്ചരിച്ച ഇന്നോവ കാർ യാത്രയ്ക്കിടയിൽ മാറുകയും മറ്റൊരു കാറിൽ യാത്ര തുടരുകയുമായിരുന്നു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയാണ് സംഘം അജേഷിനെ കാലടിയിൽ ഇറക്കി വിട്ടത്. തുടര്‍ന്ന് യുവാവ് പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു. യുവാവിനെ പിന്നീട് പൊലീസ് പത്തനംതിട്ടയില്‍ എത്തിച്ചു. മർദനത്തിൽ പരിക്കേറ്റ അജേഷ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read: മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കാലടിയിൽ കണ്ടെത്തി; വ്യവസായിയുടെ ക്വട്ടേഷനെന്ന് സൂചന
സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞതായും പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാര്‍ പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടു പോയ വാഹനവും കണ്ടെത്താനുണ്ട്. ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം അജേഷിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഡല്‍ഹിയില്‍ വ്യവസായിയായ മലാപ്പുഴ സ്വദേശിയാണെന്ന് പൊലീസിന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു.
അമ്മയുടെ ഫോണിലേക്ക് ഭീഷണി സന്ദേശം:വെട്ടൂര്‍ ആരിയവില്ലന്‍ ക്ഷേത്രം ഉപദേശക സമിതി അംഗവും ഹോളോബ്രിക്‌സ് കമ്പനി ഉടമയുമാണ് ആക്രമണത്തിന് ഇരയായ അജേഷ്. അജേഷിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഇയാളുടെ അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് തട്ടിക്കൊണ്ട് പോയവരുടെ സന്ദേശം ലഭിച്ചിരുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള ഒരു വീഡിയോ അജേഷിന്‍റെ കൈവശം ഉണ്ടെന്നും അത് ലഭിച്ചാല്‍ ഇയാളെ വിട്ടയക്കാമെന്നും ആയിരുന്നു സന്ദേശം. അജേഷിന്‍റെ അമ്മ സന്ദേശം പൊലീസിന് കൈമാറിയിരുന്നു. സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അജേഷ് കുമാറിന്‍റെ ഫോണും പൊലീസ് പരിശോധിച്ചിരുന്നു.
സംഭവത്തെ കുറിച്ച് അജേഷ് കുമാറും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. ആദ്യം ഇയാൾ പൊലീസിനോട് കാര്യങ്ങൾ പറയാൻ തയ്യാറായില്ല. എന്നാൽ സംഭവത്തിന്‍റെ ഞെട്ടലിൽ ഉണ്ടായ മാനസികാവസ്ഥ കാരണമാണ് ആദ്യം പ്രതികരിക്കാതിരുന്നത് എന്നാണ് പിന്നീട് അജേഷ് കുമാർ പറഞ്ഞത്. സംഘത്തിലെ മറ്റു അംഗങ്ങളെ കൂടി പിടികൂടിയ ശേഷം വിശദമായ ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ടു പോകലിന് ഇടയാക്കിയ കൃത്യമായ കാരണം പുറത്തു വരുമെന്നാണ് പൊലീസ് കരുതുന്നത്.