പത്തനംതിട്ട: കുടുംബത്തോടൊപ്പം പെരുന്തേനരുവി കാണാനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പൊന്‍കുന്നം തുറുവാതുക്കല്‍ സാജന്‍റെ മകന്‍ എബി സാജന്‍(22)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മൃതദേഹം പെരുന്തേനരുവിയിൽ പൊങ്ങുകയായിരുന്നു. ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പൊൻകുന്നത്തേക്ക് കൊണ്ട് പോകും.
കൊല്ലമുളയിലുള്ള ബന്ധുവീട്ടിലെത്തിയ സാജനും ബന്ധുക്കളും പെരുന്തേനരുവി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. പെരുന്തേനരുവി ഡാമിന് സാമീപത്തുനിന്നു ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി എബി വെള്ളത്തിൽ വീഴുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം. റാന്നി ഫയര്‍ഫോഴ്‌സും പെരുനാട് പൊലീസും സ്ഥലത്തെത്തി അന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച പ്രമോദ് നാരായൺ എംഎല്‍എ സ്ഥലം സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
Also Read: രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്
എന്‍ഡിആര്‍എഫിന്‍റെയും നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം അരുവിയിൽ പൊങ്ങിയത്.