പത്തനംതിട്ട: കൊവിഡ് ചട്ടലംഘനം നടത്തിയെന്ന ആരോപണം നേരിടുന്ന മാത്യു. ടി. തോമസ് എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും കേരളാ കോൺഗ്രസും. ചട്ടലംഘനം നടത്തിയ എംഎൽഎയ്ക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണമെന്നും ക്വാറന്‍റൈനിലാക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎയുടെ തിരുവല്ല ഓഫീസിന് മുമ്പിൽ ബിജെപി ധർണ്ണ നടത്തി. എംഎൽഎയെ ക്വാറന്‍റൈനിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ബിജെപി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് പരാതിയും നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കേരളാ കോൺഗ്രസ് യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിസന്‍റ് ബിനു കുരുവിള മുഖ്യമന്ത്രിക്ക് ഇ- മെയിലിലൂടെ പരാതിയും നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർക്ക് സമാനമായ ആവശ്യം ഉന്നയിച്ച് പരാതി നൽകുമെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
മാത്യു. ടി. തോമസ് എംഎൽഎക്കെതിരെ ബിജെപിയും കേരളാ കോൺഗ്രസും - മാത്യു. ടി. തോമസ് എംഎൽഎയ്ക്കെതിരെ ബിജെപിയും കേരളാ കോൺഗ്രസും
കൊവിഡ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് എംഎൽഎയ്ക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണമെന്നും ക്വാറന്‍റൈനിലാക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎയുടെ തിരുവല്ല ഓഫീസിന് മുമ്പിൽ ബിജെപി ധർണ നടത്തി.
ബാംഗ്ലൂരിൽ നിന്നെത്തിയ മകളും മരുമകനും പേരക്കുട്ടിയും വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുന്നതിനെ തുടർന്ന് എംഎൽഎ തിരുവനന്തപുരത്തെ എംഎൽഎ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, ആഹാരം പിടിക്കാതെ വന്നതോടെ തിരുവല്ല ടിബിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഇതോടെയാണ് ഭക്ഷണം വീട്ടിൽ നിന്നും പാർസലാക്കി തിരുവല്ല ടിബിയിൽ എത്തിച്ച് കഴിച്ചു തുടങ്ങിയത്. അതേസമയം, വീട്ടിൽ നിന്നും ആഹാരം വാങ്ങി മടങ്ങുന്ന മാത്യു. ടി. തോമസിന്‍റെ ചിത്രവും വാർത്തയും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ക്വാറന്‍റൈനിലുള്ള മകളും കുടുംബവും കഴിയുന്ന വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ച ശേഷം പൊതുപരിപാടികളിൽ പങ്കെടുക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നതാണ് നിലവിലെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ബിജെപിയും കോൺഗ്രസും അടക്കം ഉന്നയിക്കുന്ന വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നുമാണ് മാത്യു. ടി. തോമസ് എംഎൽഎ പറഞ്ഞു.