പത്തനംതിട്ട:നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ രോഗബാധിത പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി ഉത്‌പന്നങ്ങളും മുട്ടകളും വില്‍ക്കുന്ന എല്ലാ കടകളും വിപണികളും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടേണ്ടതാണെന്ന് ജില്ലാ കലക്‌ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു. രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വൈലന്‍സ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്ക് കോഴികളെയും മറ്റ് പക്ഷികളെയും കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു.
കടുത്ത നിയന്ത്രണം: പ്രദേശത്തെ പക്ഷികളില്‍ എച്ച് 5 എന്‍ 1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അണുവിമുക്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നത് വരെ കടകള്‍ തുറക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. പക്ഷികളെയോ കോഴി ഉത്‌പന്നങ്ങളോ വില്‍ക്കാനോ പുറത്തേക്ക് കൊണ്ടുപോകാനോ അനുവാദമില്ല. രോഗവ്യാപനം കണക്കിലെടുത്ത് പൊതുജനസഞ്ചാരം പരിമിതപ്പെടുത്തിയും സര്‍വൈലന്‍സ് സോണിലെ എഗ്ഗര്‍ നഴ്‌സറികളുടെ കാര്യത്തില്‍ ജീവനുള്ള കോഴികളുടെ വില്‍പന മൂന്ന് മാസത്തേക്ക് നിരോധിക്കുകയും ചെയ്‌തിട്ടുണ്ട്.
വില്‍പനയാകാം, പക്ഷെ: അതേസമയം ലേയര്‍ ഫാമുകളില്‍ നിലവിലുള്ള മുട്ടക്കോഴികളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മുട്ട അതത് പ്രദേശത്ത് മാത്രം വില്‍പ്പന നടത്താം. സ്‌പെന്‍റ് ചിക്കന്‍ സംസ്‌കരിച്ച് മാത്രമേ വില്‍പന നടത്താന്‍ പാടുള്ളു. ബ്രോയിലര്‍ ഫാമുകളുടെ കാര്യത്തില്‍ നിലവില്‍ ഇറച്ചിക്കോഴികളുണ്ടെങ്കില്‍ അവയെ മാത്രം തുടര്‍ന്ന് വളര്‍ത്താമെന്നും ഫാമിനുള്ളില്‍ തന്നെ സംസ്‌കരിച്ച് വേണം വിപണനം നടത്താനെന്നും കലക്‌ടറുടെ ഉത്തരവില്‍ പറയുന്നു.