പത്തനംതിട്ട:കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഭസ്‌മക്കുളത്തില്‍ അയ്യപ്പഭക്തര്‍ സ്‌നാനം ചെയ്യുന്നത് പുനരാരംഭിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭസ്‌മക്കുളത്തില്‍ മുങ്ങിക്കുളി അനുവദിക്കുന്നത്.
ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് മനഃസുഖത്തിനും ശാന്തിക്കുമായി ഭസ്‌മക്കുളത്തില്‍ സ്‌നാനം ചെയ്യുക പതിവാണ്. മുമ്പ് ഇവിടെയെത്തി മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയ ശേഷമായിരുന്നു ഭക്തര്‍ അയ്യപ്പനെ വണങ്ങാറുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്നിധാനത്തെ ഫ്ലൈ ഓവറിന് സമീപമായിരുന്നു കുളം. പിന്നീട്, തീര്‍ഥാടക തിരക്ക് വര്‍ധിച്ചതോടെ ഭക്തരുടെ സൗകര്യാര്‍ഥം ശ്രീകോവിലിന് പിന്‍ഭാഗത്ത് താഴെയായി ജലരാശി കണ്ടെത്തി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
ഇപ്പോള്‍ മാളികപ്പുറത്തുനിന്നു 100 മീറ്റര്‍ അകലെയാണ് കുളം. ക്ഷേത്രത്തിലെ പൂജാരിമാര്‍ ഭസ്‌മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ശാന്തി നടത്തിയിരുന്നത്. ശാന്തിക്കായി ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നതിന് ഭസ്‌മക്കുളത്തിനു സമീപം പാത്രക്കുളവുമുണ്ട്.