പത്തനംതിട്ട: പൊതുപരിപാടിയില്‍ കുഞ്ഞുമായെത്തി പ്രസംഗിച്ച പത്തനംതിട്ട ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യർക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ കലക്‌ടര്‍ക്ക് പിന്തുണയുമായി എഴുത്തുകാരുള്‍പ്പെടെ രംഗത്ത്. 6-ാമത് അടൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലായിരുന്നു സംഭവം. ചലച്ചിത്രമേള സംഘടക സമിതി ഭാരവാഹിയും എംഎല്‍എയുമായ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറാണ് ഇതിന്‍റെ വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.
വേദിയിലെ മുഖ്യ ആകര്‍ഷണം ദിവ്യയുടെ മകനായിരുന്നു എന്ന തലക്കെട്ടോടെയായിരുന്നു ചിറ്റയം ഗോപകുമാര്‍ വീഡിയോ പങ്കുവച്ചത്. സംവിധായകൻ ബ്ലെസി ഉൾപ്പെടെ ചലച്ചിത്ര രംഗത്തുള്ളവരും ചിറ്റയം ഗോപകുമാറിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. ചടങ്ങിൽ ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നടത്തുമ്പോൾ മകൻ മൽഹാർ വേദിയ്ക്ക് മുന്നിൽ ഓടികളിക്കുകയും ഇടയ്ക്ക് അമ്മയ്‌ക്കരികിൽ എത്തി കൈ നീട്ടിയപ്പോള്‍ ദിവ്യ മകനെ എടുത്തുകൊണ്ട് പ്രസംഗം തുടരുന്നതും ദൃശ്യത്തിലുണ്ട്.
ഇത് അനുകരണീയമല്ലെന്നും കലക്‌ടറുടെ ഔചിത്യമില്ലാത്ത തമാശയാണ് പൊതുവേദിയില്‍ കണ്ടതെന്നും ഇത് അവരുടെ വീട്ടുപരിപാടിയല്ലെന്നും കലക്‌ടര്‍ ഓവറാക്കി ചളമാക്കിയെന്നുമായിരുന്നു ഗാനരചയിതാവ് രാജീവ് ആലുങ്കലിന്‍റെ വിമർശനം. ഇതിനെതിരെ സാഹിത്യകാരൻ ബെന്യാമിന്‍, സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന്‍, കോണ്‍ഗ്രസ് നേതാവും ദിവ്യ എസ് അയ്യരുടെ ഭർത്താവുമായ ശബരിനാഥന്‍ തുടങ്ങിയവർ രംഗത്തെത്തി.
'എന്നാണ് നേരം വെളുക്കുക':ജില്ല കലക്‌ടര്‍ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ പലവിധ റോളുകള്‍ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അവരെന്ന് ഓര്‍ക്കണമെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്നവര്‍ക്ക് എന്നാണ് നേരം വെളുക്കുകയെന്നുമാണ് കലക്‌ടര്‍ക്ക് നേരെയുള്ള വിമർശനങ്ങൾക്ക് മറുപടിയായി ബെന്യാമിന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.