പത്തനംതിട്ട: കൊവിഡ് വ്യാപനം കേരളത്തില്‍ തീവ്രമായേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആയുര്‍വേദം) ഡോ. പി.എസ്.ശ്രീകുമാര്‍ അറിയിച്ചു. പ്രധാനമായും സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം എന്നീ നാല് പദ്ധതികളിലൂടെയാണ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
കൊവിഡ് പ്രതിരോധം: ആയുര്‍വേദ സ്ഥാപനങ്ങള്‍ സുസജ്ജമെന്ന് ഡിഎംഒ - ആയുര്‍വേദ ചികിത്സ
സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം എന്നീ നാല് പദ്ധതികളിലൂടെയാണ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
പ്രതിരോധത്തില്‍ ഊന്നിയുള്ള പദ്ധതികളാണ് സ്വാസ്ഥ്യവും സുഖായുഷ്യവും. ഇവയിലൂടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഔഷധങ്ങളോടൊപ്പം ജീവിതശൈലി ക്രമീകരണം, നല്ല ആഹാരം, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കുന്നു. രോഗി സമ്പര്‍ക്കമുണ്ടായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഔഷധങ്ങള്‍ നല്‍കുന്ന പ്രത്യേക പദ്ധതിയാണ് അമൃതം. വീട്ടിലോ, ക്വാറന്‍റൈന്‍ കേന്ദ്രത്തിലോ താമസിക്കുന്നവര്‍ക്ക് ഈ പദ്ധതി ഉപയോഗപ്പെടുത്താം. ഈ ഔഷധങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധത്തിന് നല്ലതാണ്.
കൊവിഡ് പോസിറ്റീവ് ആയവര്‍ക്കുള്ള ചികിത്സാ പദ്ധതിയാണ് ഭേഷജം. മറ്റു ചികിത്സകള്‍ക്ക് വിധേയരായിരിക്കുന്നവര്‍ക്ക് കൂടി കഴിക്കാവുന്നതാണ് ഭേഷജം മരുന്നുകള്‍. പുതിയ രോഗാണു വ്യാപന കാലഘട്ടത്തെ നേരിടാന്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്നും രോഗപ്രതിരോധത്തിനായി എല്ലാവരും ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ നിരന്തരം ഉപയോഗിക്കണമെന്നും ഇതിനൊപ്പം മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആയുര്‍വേദം) അഭ്യര്‍ഥിച്ചു. പത്തനംതിട്ട ജില്ലയിലെ ഗവണ്‍മെന്‍റ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകളെ ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഡിഎംഒ പറഞ്ഞു.