പത്തനംതിട്ട:പാലക്കാതകിടി കവലയില്‍ പണ്ടാരോ ഒരു മരത്തൈ നട്ടു. കൊടും കാറ്റില്‍ വീഴാതെ ചരിത്രത്തിലേക്ക് വേരാഴ്ത്തി ആ മരം വളര്‍ന്നു. പാലക്കാതകിടി കവല തേടിയെത്തിയവര്‍ക്ക് പിന്നീട് ആ മരം അടയാളമായി. വണ്ടികാത്ത് നിന്നവര്‍ക്ക് തണലൊരുക്കി. പൊതു യോഗങ്ങള്‍ക്ക് വേദിയായി. ചില്ലകൾ വിരിച്ച് കാക്കത്തൊള്ളായിരം പറവകൾക്ക് കൂടൊരുക്കി...
പോയകാലത്താരൊ വാകമരത്തെ തകരമര മുത്തശ്ശിയെന്ന് പേര് ചൊല്ലി വിളിച്ചു. ലോക പ്രകൃതിദിനത്തില്‍ കുരുന്നുകള്‍ മരത്തിന് ചുറ്റു കൂടി കൈകള്‍ നീട്ടി പ്രതിജ്ഞ ചെയ്തു, 'നിന്നെ ഞങ്ങള്‍ സംരക്ഷിക്കും'... പക്ഷെ ദുര്‍ബുദ്ധികളുടെ കറുത്ത കരങ്ങള്‍ 130 വയസുള്ള മരമുത്തശ്ശിയുടെ ജീവനെടുക്കാനുറച്ചു. വേരുകളില്‍ യന്ത്രത്തിന്‍റെ സഹായത്തോടെ ഏഴ് സെന്‍റീ മീറ്റര്‍ നീളത്തില്‍ തുളകളുണ്ടാക്കിയ അവര്‍ മെര്‍ക്കുറിയൊഴിച്ചു. ലായിനി വാകമരത്തില്‍ ഇഞ്ചിഞ്ചായി പടര്‍ന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പച്ചിലകള്‍ വാടി, പിന്നെ കൂട്ടത്തോടെ പൊഴിഞ്ഞു.
മരത്തിലെ മാറ്റം തിരുവല്ല കുന്നന്താനം ഗ്രാമത്തില്‍ ചര്‍ച്ചയായി. ഒടുവില്‍ കാരണം കണ്ടെത്തി. അടയാള മരത്തെ ഇല്ലാതാക്കാൻ സാമൂഹിക വിരുദ്ധർ നടത്തിയ ക്രൂരത നാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തി. ഇതോടെ മുത്തശ്ശി മരത്തിനായി നാടൊന്നിച്ചു. മരങ്ങൾക്ക് ആയുർവേദ ചികിത്സ നൽകി സംരക്ഷിക്കുന്ന വൈദ്യന്മാരെ വരുത്താനായി തീരുമാനം.
ചികിത്സയിങ്ങനെ: ഒടുവില്‍ ഈ രംഗത്തു പ്രഗത്ഭരായ വൃക്ഷവൈദ്യന്മാരായ ബിനു വാഴൂർ, ഗോപകുമാർ കങ്ങഴ, നിധിൻ കൂരോപ്പട, വിജയകുമാർ ഇത്തിത്താനം എന്നിവർ സ്ഥലത്തെത്തി. വിശദമായ പരിശോധനയിൽ മരത്തിന്റെ വേരുകളിൽ ഉണ്ടാക്കിയ ഇരുപത്തിയഞ്ചിലധികം ദ്വാരങ്ങളിൽ മെർക്കുറി നിറച്ചതായി കണ്ടെത്തി. പച്ച ഈര്‍ക്കിലിയില്‍ പഞ്ഞി ചുറ്റി കുഴികളില്‍ ഇറക്കി മെര്‍ക്കുറി തുടച്ചെടുത്തു. മരമുത്തശ്ശിക്ക് പുതുജീവൻ നൽകാൻ പരിഹാരം തേടിയ നാട്ടുകാർക്ക് മുന്നിൽ വൃക്ഷ വൈദ്യന്മാർ ചികിത്സാ വിധികൾ നിരത്തി.