പത്തനംതിട്ട:രാപ്പകൽ ഭേദമില്ലാതെ ഓട്ടോ ഓടിച്ചു അന്നന്നത്തെ വീട്ടു ചെലവുകൾ കഴിച്ചുകൂട്ടുന്നവരാണ് ഓട്ടോ തൊഴിലാളികള്‍. മറ്റെല്ലാ മേഖലയിലും എന്ന പോലെ ഓട്ടോ തൊഴിലാളികളേയും ലോക്ക് ഡൗണ്‍ തകര്‍ത്തു. പല സംസ്ഥാനങ്ങളും ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരള സർക്കാരിന്‍റെ ഭാഗത്തുനിന്നും ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഇതില്‍ പല കോണുകളിൽനിന്നും പ്രതിഷേധവും ഉയരുന്നുണ്ട്.
ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടി ഓട്ടോ തൊഴിലാളികള്‍ - covid lock down
പല സംസ്ഥാനങ്ങളും ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരള സർക്കാരിന്‍റെ ഭാഗത്തുനിന്നും ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഇതില്‍ പല കോണുകളിൽനിന്നും പ്രതിഷേധവും ഉയരുന്നുണ്ട്
സ്വന്തം ഓട്ടോറിക്ഷ ഉള്ളവരും വാടകയ്ക്ക് ഓടുന്നവരും ഉൾപ്പെടെ കഴിഞ്ഞ ഒരു മാസത്തിലേറെയായി വീടുകളിൽ തന്നെ കഴിയുന്നു. അത്യാവശ്യം ആശുപത്രി ഓട്ടങ്ങൾ ഒഴിച്ചുനിർത്തിയാൽ ഈ ദിവസങ്ങളിൽ ഓട്ടങ്ങൾ ഒന്നും ഇവർക്ക് ലഭിച്ചിട്ടില്ല. ചില മേഖലകളിൽ ഇളവുകളോടെ ടാക്സികൾക്കും മറ്റും ഓടാൻ അനുമതി നൽകുമ്പോഴും ഓട്ടോറിക്ഷയ്ക്ക് യാതൊരു ഇളവും അനുവദിച്ചിട്ടില്ല.
ബാങ്കുകളിൽ നിന്നും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് ഭൂരിഭാഗം ഓട്ടോറിക്ഷകളും വാങ്ങിയത്. മൂന്നുമാസത്തേക്ക് ലോൺ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലിത് ഗുണത്തേക്കാളേറെ ദോഷമാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു. പലിശയിനത്തിൽ കൂടുതൽ തുക അടക്കേണ്ടിവരും. മാസം 500, 600 വരെ അധികമായി നല്‍കേണ്ടിയും വരും. തുടർച്ചയായി വാഹനം ഓടിക്കാതെ ഇരുന്നാലും യഥാസമയം മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ മുൻപിൽ വാഹനം ടെസ്റ്റിന് ഹാജരാക്കേണ്ടി വരും. കൂടാതെ ടാക്സ്, പെർമിറ്റ് പുതുക്കൽ എന്നിവയുടെ ഒന്നും കാലാവധി ഇതുവരെയായും നീട്ടുകയും ചെയ്തിട്ടില്ല. തുടർച്ചയായ ദിവസങ്ങളിൽ വാഹനം ഓടാതെ ഇരുന്നാൽ സാങ്കേതികമായും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനസർക്കാർ ഓട്ടോറിക്ഷ തൊഴിലാളികൾക്കായി സാമ്പത്തികമായ സഹായവും പെർമിറ്റ്, ടാക്സ് തുടങ്ങിയ ഇനത്തിൽ വിട്ടുവീഴ്ചയും ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.