പത്തനംതിട്ട: തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിങ് തൊഴിലാളിയെ കടിച്ചു കൊന്ന കടുവ വീണ്ടും ജനവാസ മേഖലയിൽ. കടുവയെ പിടികൂടാൻ ശ്രമം തുടരുകയാണ്. വടശേരിക്കര പേഴുംപാറയിലാണ് കടുവയെ കണ്ടത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്പെഷ്യൽ റാപ്പിഡ് ഫോഴ്‌സും തെരച്ചിൽ തുടരുകയാണ്.
തണ്ണിത്തോട്ടിലും മണിയാറിലും കടുവ: പിടികൂടാൻ ശ്രമം തുടരുന്നു - ജനവാസ മേഖല
കടുവ എത്തിയ വഴികളിലൊക്കെ കെണിയൊരുക്കിയിട്ടും ഇതിനെ പിടികൂടാനായിട്ടില്ല. കണ്ടെത്തിയാൽ മയക്കുവെടിവെക്കാനാണ് ശ്രമം.
തണ്ണിത്തോട്ടിലും മണിയാറിലും ജനത്തെ ഭീതിയിലാഴ്‌ത്തിയ കടുവ വടശേരിക്കര ചെമ്പോണിലുമെത്തി. കടുവ എത്തിയ വഴികളിലൊക്കെ കെണിയൊരുക്കിയിട്ടും പിടികൂടാനായിട്ടില്ല. കണ്ടെത്തിയാൽ മയക്കുവെടിവെക്കാനാണ് ശ്രമിക്കുന്നതെന്ന് റാന്നി ഡി.എഫ്.ഒ എം ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
വടശേരിക്കര പഞ്ചായത്തിൽ എട്ടാം വാർഡ് മണിയാർ, കോന്നി താലൂക്കിലെ ചിറ്റാർ ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് കട്ടച്ചിറ എന്നീ പ്രദേശങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. ചൊവ്വാഴ്‌ച വൈകീട്ട് അരീക്കാവിൽ തടി ഡിപ്പോയ്ക്ക് സമീപം കടുവയെ കണ്ടെന്നറിഞ്ഞ് തോക്കുമായി വനപാലകർ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായില്ല.
റാന്നി എ.സി.എഫ് കെ.വി.ഹരികൃഷ്ണൻ, റേഞ്ച് ഓഫീസർമാരായ വി.വേണുകുമാർ, ആർ.ആദിഷ്, കെ.ഹാഷിഫ്, വെറ്ററിനറി സർജൻമാരായ അരുൺ സക്കറിയ, ശ്യാം, കിഷോർ എന്നിവരെ കൂടാതെ വയനാട്, തേക്കടി എന്നിവിടങ്ങളിൽ നിന്നെത്തിയ വിദഗ്‌ധരും സംഘത്തിലുണ്ട്.