പത്തനംതിട്ട : പ്രസവിച്ചുകിടന്ന യുവതിയെ നഴ്‌സിന്‍റെ വേഷത്തിലെത്തി വായു കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമം. കായംകുളം കരിയിലക്കുളങ്ങര സ്വദേശി അരുണിന്‍റെ ഭാര്യ സ്നേഹയെ (24) കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്‌തു. കായംകുളം പുല്ലുകുളങ്ങര സ്വദേശി അപ്പുവിന്‍റെ ഭാര്യ അനുഷ (25) ആണ് പിടിയിലായത്.
സ്നേഹയുടെ ഭർത്താവ് അരുണിന്‍റെ സുഹൃത്താണ് പിടിയിലായ അനുഷ. ആശുപത്രി ജീവനക്കാർക്ക് തോന്നിയ സംശയമാണ് സ്നേഹയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
നാല് ദിവസം മുൻപാണ് സ്നേഹയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം അനുഷ നഴ്‌സിന്‍റെ വേഷത്തില്‍ ആശുപത്രിയില്‍ എത്തി. പ്രസവശേഷം ചികിത്സയിലായിരുന്ന സ്നേഹയുടെ മുറിയിലെത്തിയ അനുഷ ഒഴിഞ്ഞ സിറിഞ്ച് കൊണ്ട് സ്നേഹയുടെ ഞരമ്പിലേക്ക് വായു കുത്തി വച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രക്ത ധമനിയിലേക്ക് വായു കടന്നാൽ സംഭവിക്കാവുന്ന അപകടം മനസിലാക്കിയാണ് ഫാർമസി പഠനം കഴിഞ്ഞ അനുഷ ഈ കൊടും ക്രൂരത നടത്തിയതെന്നാണ് വിവരം.
ഇവർ കൃത്യം നടത്തിയ ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആശുപത്രിയിലെ നഴ്‌സുമാർ കാണുകയും സംശയം തോന്നി തടഞ്ഞു വയ്ക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഞരമ്പ് ലഭിക്കാൻ എന്ന വ്യാജേന നാലോളം തവണ ഇവർ കുത്തിയെന്നാണ് സൂചന. വായു കുത്തിവച്ചതിന് പിന്നാലെ സ്നേഹയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും നിലവിൽ ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.