പത്തനംതിട്ട: ഒരു രാത്രി മുഴുവൻ പ്രദേശത്താകെ ഭീതി പരത്തിയ മധ്യവയസ്കനായ സാമൂഹ്യ വിരുദ്ധൻ പൊലീസ് പിടിയിൽ. തിരുവല്ല മീന്തലക്കര പൂതിരിക്കാട്ട് മലയിൽ ചാമക്കാല വീട്ടിൽ ജോൺ ചാക്കോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂതിരിക്കാട്ട് മലയിൽ മുല്ലശ്ശേരി മലയിൽ ശ്രീധരൻ, തോമ്പിൽ പുത്തൻ പുരയിൽ പ്രകാശ്, പുത്തൻ പറമ്പിൽ തോമസ് എന്നിവരുടെ വീടുകൾക്ക് നേരെ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടത്തിയ ആക്രമണങ്ങളെ തുടർന്ന് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ശ്രീധരന്‍റെ വീടിന്‍റെ ചുറ്റുമുള്ള ജനൽ ചില്ലകൾ ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് തല്ലിത്തകർത്ത ജോൺ ചാക്കോ ശ്രീധരനെ കൈയ്യേറ്റവും ചെയ്‌തിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. അവിവാഹിതനും എഴുപത്തിയാറുകാരനുമായ ശ്രീധരനും അവിവാഹിതയായ എഴുപത് വയസുകാരിയായ സഹോദരി ചെല്ലമ്മയും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ ജോൺ ചാക്കോ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് നാട്ടുകാർ തിരുവല്ല പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയതറിഞ്ഞ് ജോൺ ചാക്കോയും ഭാര്യയും വീടിനുള്ളിൽ കയറി കതകടച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നര വരെ സംഭവ സ്ഥലത്ത് തങ്ങിയ പൊലീസ് സംഘം രാവിലെയെത്തി നടപടി സ്വീകരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പു കൊടുത്ത് മടങ്ങുകയായിരുന്നു.