പത്തനംതിട്ട: അടൂർ ഏനാദിമംഗലത്ത് വയോധികരായ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ നാല് പ്രതികളെ അടൂർ പൊലീസ് അറസ്റ്റുചെയ്‌തു. പത്തനംതിട്ട കൂടൽ മഠത്തിൽ പുത്തൻവീട്ടിൽ ശ്രീരാജ് (28), പുന്തലത്ത് വിളയിൽ വിഷ്‌ണു പി നായർ (20), ചെമ്പിലാപറമ്പിൽ വീട്ടിൽ അശ്വിൻ (22), തിരുവനന്തപുരം ഐരാക്കോട്മേലെ ബാഹുലേയൻ (59) എന്നിവരാണ് പിടിയിലായത്.
ഇളമണ്ണൂർ പാലമുറ്റത്ത് വീട്ടിൽ സുലോചന, ഭർത്താവ് വേണുഗോപാലൻ നായർ എന്നിവരെയാണ് മർദിച്ചത്. ഡിസംബർ 23 ന് രാത്രി ഏഴിനാണ് സംഭവം. കുറുവടി കൊണ്ട് പരാതിക്കാരിയെയും ഭർത്താവിനെയും ക്രൂരമായി മർദിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുഖം മറച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യം
പൊലീസ് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും പ്രതികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ച് സൂചന ലഭിച്ചു. ഈ വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. കേസിലെ ഒന്നാം പ്രതി ശ്രീരാജും പരാതിക്കാരി സുലോചനയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് പ്രതികളെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
ALSO READ:ഒന്നര വയസില്‍ ഇവൻ മിടുക്കനല്ല, മിടുമിടുക്കൻ: ഓർമ്മ ശക്തിയിൽ 'മിന്നലാണ്' ധ്യാൻ
പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആർ നിശാന്തിനിയുടെ പ്രത്യേക നിർദേശ പ്രകാരം അടൂർ ഡിവൈ.എസ്.പി ആർ ബിനുവിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അടൂർ പൊലീസ് ഇൻസ്‌പെക്‌ടര്‍ പ്രജീഷ് ടി.ഡി, എസ്.ഐ മനീഷ് എം, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അൻസാജു, അമൽ എന്നിവരുടെ നേതൃത്വത്തിലാണ് നാല്‍വര്‍ സംഘത്തെ വലയിലാക്കിയത്.