പത്തനംതിട്ട: എംസി റോഡരികിൽ അടൂർ ഹൈസ്‌കൂൾ ജങ്ഷന് സമീപമുള്ള ഫെഡറൽ ബാങ്കിന്‍റെ എടിഎം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച പ്രതിയെ അടൂർ പൊലീസ് പിടികൂടി. ഒഡിഷ ബാലേഷർ ജില്ലയിൽ ഗജിപൂർ ചന്ദനേശ്വർ ഗൗര ഹരി മാണാ(36) ആണ് അറസ്റ്റിലായത്. അടൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനായ ഇയാൾ രണ്ട് ദിവസമായി ജോലിക്ക് പോകാതിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് മോഷണശ്രമം നടന്നത്. എടിഎമ്മിന്‍റെ മുൻവശത്തെ സിസിടിവി ക്യാമറകളും അലാറവും വിഛേദിച്ച ശേഷം ഉള്ളിൽ കടന്ന പ്രതി മെഷീനിന്‍റെ മുൻവശം തകർത്ത് പണം മോഷ്‌ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാൾ അവിടം വിട്ടുപോകുകയായിരുന്നു. പിന്നീട് എടിഎമ്മിലെത്തിയ ആളുകൾ മെഷീനിന്‍റെ വാതിൽ പൊളിഞ്ഞുകിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ചു.