പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ വഴിപാടുകൾക്ക് ഇന്ന് (ജൂലൈ 23) തുടക്കമാകും. എഴുപത്തിരണ്ടു നാളുകളില്‍ ആറന്മുളയും ക്ഷേത്ര പരിസരവും വഞ്ചിപ്പാട്ടിന്‍റെ ഈണത്തില്‍ കൂടുതല്‍ ഭക്തിസാന്ദ്രമായിരിക്കും. 64 ഇനം വിഭവങ്ങള്‍ വിളമ്പുന്ന വള്ളസദ്യയുടെ ഉദ്ഘാടനം എന്‍എസ്‌എസ് പ്രസിഡന്‍റ് ഡോ. എം ശശികുമാര്‍ നിര്‍വഹിക്കും.
ആരോഗ്യമന്ത്രി വീണ ജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍, മെമ്പര്‍മാരായ എസ് എസ് ജീവന്‍, സുന്ദരേശന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാര്‍, രാഷ്ട്രീയ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11.30 ന് വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് സദ്യ ഭഗവാന് സമര്‍പ്പിക്കുന്നതോടു കൂടി ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കമാകും. പത്തു വള്ളസദ്യകളാണ് ഇന്ന് നടക്കുന്നത്. പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള വള്ളസദ്യ പാഞ്ചജന്യത്തില്‍ നടക്കും.
വള്ള സദ്യകള്‍ക്ക് പള്ളിയോട സേവ സംഘം പ്രസിഡന്‍റ് കെ എസ് രാജന്‍. സെക്രട്ടറി പാര്‍ഥസാരഥി ആര്‍ പിള്ള, വൈസ് പ്രസിഡന്‍റ് സുരേഷ് വെണ്‍പാല, ജോയിന്‍റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, ഫുഡ് കമ്മറ്റി കണ്‍വീനര്‍ വി കെ ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍, ഫുഡ് കമ്മറ്റി, നിര്‍വഹണ സമിതി, ആറന്മുള ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണര്‍ ആര്‍ പ്രകാശ്, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വി ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വള്ളസദ്യകളിലെ തിരക്ക് പാസു മൂലം നിയന്ത്രിക്കും.
എന്താണ് ആറന്മുള വള്ളസദ്യ :ആഗ്രഹ സഫലീകരണത്തിനും ഐശ്വര്യത്തിനുമായി ആറന്മുള പാര്‍ഥസാരഥിയുടെ മുന്നില്‍ അര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാടാണ് ആറന്മുള വള്ളസദ്യ. പമ്പയുടെ കരയിലെ നിലക്കല്‍ നാരായണപുരത്ത് മഹാവിഷ്‌ണുവിന്‍റെ സാന്നിധ്യമുണ്ട് എന്ന് വിശ്വസിച്ച് പോന്നിരുന്നു. ഒരിക്കല്‍ മഹാവിഷ്‌ണു ആറ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ നാരാണയപുരത്തു നിന്നും പമ്പയിലൂടെ യാത്ര തിരിക്കുകയും മഹാവിഷ്‌ണു എത്തിച്ചേര്‍ന്ന സ്ഥലം ആറന്മുള ആകുകയായിരുന്നു എന്നുമാണ് ഐതിഹ്യം. മഹാവിഷ്‌ണുവിന്‍റെ ചങ്ങാടയാത്രയുടെ ഓര്‍മക്കായാണ് ആറന്മുള വള്ളംകളിയും വള്ളസദ്യയും നടത്തുന്നത്.
നിരവധി ആചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചടങ്ങാണ് വള്ളസദ്യ. വഴിപാട് നടത്താന്‍ പള്ളിയോട കരയില്‍ നിന്ന് അനുവാദം വാങ്ങിയാണ് വഴിപാടുകാര്‍ സദ്യക്കുള്ള വട്ടംകൂട്ടുന്നത്. സദ്യ ദിവസം വഴിപാടുകാരന്‍ എത്തി ഭഗവാനും പള്ളിയോടത്തിനും ഓരോ നിറപറ സമര്‍പ്പിക്കണം. പുരോഹിതരില്ലാത്ത വഴിപാട് എന്നതും ആറന്മുള വള്ളസദ്യയുടെ പ്രത്യേകതയാണ്. വഴിപാടുകാരും കരക്കാരുമാണ് ഈ വഴിപാടില്‍ ഉള്ളത്. പള്ളിയോട കടവുകളില്‍ നിന്നും ആചാരപ്രകാരം യാത്രയാക്കുന്ന പള്ളിയോടങ്ങള്‍ വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ പമ്പയിലൂടെ സഞ്ചരിച്ച് ക്ഷേത്രത്തിന് സമീപം എത്തിച്ചേരും. വഴിപാടുകാരന്‍ (ആരുടേതാണോ വഴിപാട് അയാള്‍) കരമാര്‍ഗവും ക്ഷേത്രത്തില്‍ എത്തിച്ചേരും.
ക്ഷേത്രത്തിന് സമീപമെത്തുന്ന പള്ളിയോടത്തെ താലപ്പൊലി, മുത്തുക്കുട, വിളക്ക് എന്നിവയുമായാണ് സ്വീകരിക്കുന്നത്. ക്ഷത്ര പ്രദിക്ഷണം കഴിഞ്ഞ് കൊടിമരച്ചുവട്ടിലെത്തി മുത്തുക്കുട, തുഴ എന്നിവ ഭഗവാന് സമര്‍പ്പിക്കും. പിന്നീട് വള്ളസദ്യ കഴിക്കാനായി ഊട്ടുപുരയിലേക്ക് പോകും. സദ്യ ഉണ്ണാന്‍ പോകുമ്പോഴും വഞ്ചിപ്പാട്ട് ഉണ്ടായിരിക്കും. ഏറ്റവും രസകരമായ സംഗതി പാട്ടുപാടിയാണ് സദ്യയുടെ വിഭവങ്ങള്‍ ചോദിക്കുന്നത് എന്നതാണ്. സദ്യ കഴിഞ്ഞ് വീണ്ടും കൊടിമരച്ചുവട്ടിലെത്തി നിറപറ മറിക്കും. ദക്ഷിണ വാങ്ങി വഴിപാടുകാരെ അനുഗ്രഹിച്ച് പള്ളിയോടക്കാര്‍ മടങ്ങും.