പത്തനംതിട്ട :ചരിത്ര പ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീണ്ട് നില്‍ക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. ആദ്യ ദിവസം 10 പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ. ഒക്ടോബര്‍ രണ്ട് വരെ സദ്യയുണ്ട്. അഭീഷ്‌ടകാര്യ സിദ്ധിക്കാണ് ഭക്തര്‍ വള്ളസദ്യ വഴിപാട് നടത്തുന്നത്. വഞ്ചിപ്പാട്ടിന്‍റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നു.
എന്‍എസ്എസ് പ്രസിഡന്‍റ് ഡോ. എം ശശികുമാര്‍ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്ദഗോപന്‍, അന്‍റോ ആന്‍റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പിഎസ്‌സി മെമ്പര്‍ അഡ്വ. ജയചന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ എം മഹാജന്‍ എന്നിവരും പങ്കെടുത്തു.
52 പള്ളിയോടങ്ങളിലെ തുഴച്ചില്‍കാര്‍ക്കും പള്ളിയോട പ്രതിനിധികള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ കെഎസ് സുനോജില്‍ നിന്നും പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെഎസ് രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി ആര്‍ പിള്ള എന്നിവര്‍ ഏറ്റുവാങ്ങി.
ചടങ്ങുകൾ ഇങ്ങനെ : പള്ളിയോടത്തില്‍ എത്തുന്നവരോടൊപ്പം അന്നദാന പ്രഭുവായ തിരുവാറന്മുളയപ്പനും ഉണ്ടാകുമെന്നാണ് വിശ്വാസം. 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും. ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമെ പാടിച്ചോദിക്കുന്ന ഇരുപതും ഉള്‍പ്പെടെ 64 വിഭവങ്ങളാണ് വള്ള സദ്യയില്‍ വിളമ്പുന്നത്.