പത്തനംതിട്ട: പമ്പയിൽ ജലനിരപ്പ് ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷ സംവിധാനങ്ങളോടെ പള്ളിയോടങ്ങള്‍ക്കുള്ള വഴിപാട് വള്ളസദ്യകള്‍ക്ക് ആറന്മുളയില്‍ തുടക്കമായി. മാരാമണ്‍, മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറിക്കിഴക്ക്, ഇടനാട്, വെണ്‍പാല എന്നീ പള്ളിയോടങ്ങള്‍ക്കാണ് വഴിപാടായി വള്ളസദ്യകള്‍ നടന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് പൂർണതോതിലുള്ള വള്ളസദ്യ നടത്തുന്നത്.
ആറന്മുള വള്ളസദ്യക്ക് പ്രൗഢഗംഭീര തുടക്കം രാവിലെ ക്ഷേത്രക്കടവിലെത്തിയ മാരാമണ്‍ പള്ളിയോടത്തെ പള്ളിയോട സേവാ സംഘവും വഴിപാട് നടത്തുന്ന ഭക്തരും സ്വീകരിച്ചു. തുടര്‍ന്ന് മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, വെണ്‍പാല എന്നീ പള്ളിയോടങ്ങളും നിശ്ചിത ഇടവേളകളില്‍ ക്ഷേത്രക്കടവിലെത്തി വള്ളസദ്യയിലേക്ക് പ്രവേശിച്ചു.
വള്ളസദ്യ രാവിലെ 11.30ന് ക്ഷേത്രത്തിന്‍റെ ആനക്കൊട്ടിലില്‍ എന്‍എസ്എസ് പ്രസിഡന്‍റ് ഡോ. എം.ശശികുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍ തൂശനിലയില്‍ വിളമ്പി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.എസ് രാജന്‍ അധ്യക്ഷത വഹിച്ചു.
പ്രമോദ് നാരായണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളോടെ മാത്രമേ തുടര്‍ന്നുള്ള ദിവസങ്ങളിലെ വഴിപാടുകള്‍ നടത്തുകയുള്ളുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.