പത്തനംതിട്ട : ചരിത്രപ്രസിദ്ധമായ ആറന്മുള വള്ള സദ്യ ഇന്ന് ആരംഭിക്കും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് നടുവിലാണ് ചടങ്ങുകൾ നടക്കുക. രാവിലെ 11.30ന് എന്‍എസ്എസ് പ്രസിഡന്‍റ് ഡോ.എം. ശശികുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യും.
പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.എസ്. രാജന്‍ അധ്യക്ഷനായിരിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍ മുഖ്യാതിഥിയായിരിക്കും. പത്തനംതിട്ട ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പള്ളിയോട സേവാസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
ആദ്യദിനം ഏഴ് പള്ളിയോടക്കരകളില്‍ നിന്നുള്ളവരാണ് വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തുക. വെണ്‍പാല, ഇടനാട്, മല്ലപ്പുഴശേരി, തെക്കേമുറി, തെക്കേമുറികിഴക്ക്, പുന്നംതോട്ടം, മാരാമണ്‍ എന്നീ പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിവസത്തെ വള്ളസദ്യ. പമ്പയിലെ ജലനിരപ്പുയര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
പത്തനംതിട്ട ജില്ല കലക്‌ടർ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. റെഡ് അലര്‍ട്ട് ഒഴിവായെങ്കിലും ജലനിരപ്പ് ഉയര്‍ന്നുതന്നെ തുടരുന്ന സാഹചര്യം ജില്ലാ ദുരന്ത നിവാരണ വിഭാഗം നിരീക്ഷിച്ചുവരികയാണ്. പത്തനംതിട്ട ജില്ല കലക്‌ടർ ഡോ. ദിവ്യ എസ്. അയ്യര്‍ കഴിഞ്ഞദിവസം സത്രക്കടവില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് പള്ളിയോട സേവാസംഘം ഭാരവാഹികളെയും വിവിധ വകുപ്പ് തലവന്മാരെയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി അടിയന്തര യോഗം ചേര്‍ന്നു.
ആചാരങ്ങള്‍ക്ക് കോട്ടം വരാതെയും സുരക്ഷയിൽ ഒട്ടും വീഴ്‌ച വരുത്താതെയും വള്ളസദ്യ നടത്തുമെന്ന് ജില്ല കലക്‌ടർ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പള്ളിയോടങ്ങള്‍ തീരത്തോട് അടുപ്പിച്ച് ബോട്ടില്‍ കെട്ടിവലിച്ച് അമ്പലക്കടവില്‍ സുരക്ഷിതമായി എത്തണം. തുടര്‍ന്ന് വഞ്ചിപ്പാട്ട് പാടി സദ്യ നിവേദ്യം സമര്‍പ്പിക്കാം. ഒരു സമയത്ത് ഒരു പള്ളിയോടം മാത്രമേ വരാവൂ എന്നും കലക്‌ടർ നിര്‍ദേശം നല്‍കി.
സുരക്ഷയ്ക്കുള്ള ബോട്ടുകൾ, യമഹ വള്ളം എന്നിവ പള്ളിയോട സേവാസംഘം ഏർപ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. രണ്ടുകോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഒക്‌ടോബര്‍ 10 വരെ നിലവിലുണ്ടായിരിക്കും.
ഉത്രട്ടാതി ജലോത്സവം, അഷ്ടമിരോഹിണി വള്ളസദ്യ, തിരുവോണത്തോണി വരവേല്‍പ്പ് തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്ന ദിവസങ്ങളും ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരും. പള്ളിയോടങ്ങള്‍ നദിക്ക് കുറുകെ തുഴയില്ല. ബോട്ടുകളുടെ സഹായത്തോടെ ക്ഷേത്രക്കടവിന് സമീപത്ത് എത്തിക്കുന്ന പള്ളിയോടത്തില്‍ 40 പേരില്‍ താഴെ മാത്രമേ പ്രവേശനം അനുവദിക്കൂ.
നദീതീരത്തുകൂടിത്തന്നെ ക്ഷേത്രക്കടവിലെത്തി ചടങ്ങ് പൂര്‍ത്തിയാക്കാനാണ് പള്ളിയോട സേവാസംഘം കരകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിചയ സമ്പന്നരായ 35 മുതല്‍ 40 പേരെ വരെ മാത്രമേ പള്ളിയോടത്തില്‍ അനുവദിക്കുകയുള്ളൂ.