കേരളം

kerala

ETV Bharat / state

പ്രളയം മങ്ങലേല്‍പ്പിച്ച 'ആറന്‍മുള കണ്ണാടി'; രാജ്യാന്തരതലത്തിലെ ഇന്ത്യന്‍ പെരുമയെ വലച്ച് കാലാവസ്ഥയും മണ്ണും - ലോഹകണ്ണാടി

കേരളം അടുത്തിടെ കണ്ട രണ്ട് പ്രളയങ്ങളാണ് ആറന്‍മുള കണ്ണാടിയുടെ നിർമാണത്തില്‍ ഏറെ പ്രതിസന്ധി സൃഷ്‌ടിച്ചതെന്നാണ് വിലയിരുത്തല്‍

Aranmula Mirror  Aranmula Mirror production  Aranmula Mirror production facing threats  Mirror production  India distinct wonder artefact  climate change  പ്രളയം മങ്ങലേല്‍പ്പിച്ച ആറന്‍മുള കണ്ണാടി  ആറന്‍മുള കണ്ണാടി  കണ്ണാടി  ആറന്‍മുള  രാജ്യാന്തരങ്ങള്‍ക്കിടയിലെ ഇന്ത്യന്‍ പെരുമ  ഇന്ത്യന്‍ പെരുമയെ വലച്ച് കാലാവസ്ഥയും മണ്ണും  കാലാവസ്ഥയും മണ്ണും  കേരളം  ആറന്‍മുള കണ്ണാടിയുടെ നിർമാണം  ലോഹകണ്ണാടി  കണ്ണാടി
പ്രളയം മങ്ങലേല്‍പ്പിച്ച 'ആറന്‍മുള കണ്ണാടി'; രാജ്യാന്തരങ്ങള്‍ക്കിടയിലെ ഇന്ത്യന്‍ പെരുമയെ വലച്ച് കാലാവസ്ഥയും മണ്ണും

By

Published : Jun 6, 2023, 8:32 PM IST

Updated : Jun 6, 2023, 11:02 PM IST

പത്തനംതിട്ട:ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും ബക്കിങ്ഹാം കൊട്ടാരത്തിലും സൂക്ഷിച്ചിട്ടുള്ള ആറൻമുള കണ്ണാടിയുടെ പേരും പെരുമയും അറിയാത്തവരുണ്ടാകില്ല. അഷ്ടമംഗല്യത്തിലെ വാല്‍ക്കണ്ണാടി മുതല്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടന്‍റെ മുൻ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയത് വരെയുണ്ട് ആറൻമുള കണ്ണാടിയുടെ പെരുമ. കേരളത്തിന്‍റെ പൈതൃക ബിംബങ്ങളിലൊന്നായ ആറൻമുള കണ്ണാടി നാലായിരം വർഷത്തോളം പഴക്കമുള്ള കരകൗശല വൈദഗ്ധ്യത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ്.

നാലായിരം വർഷങ്ങൾക്ക് ശേഷവും ലോഹകണ്ണാടിയുടെ നിർമാണത്തിന്‍റെ അവകാശം കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറൻമുളയിലെ ചുരുക്കം ചില കുടുംബങ്ങൾക്ക് മാത്രമാണ്. കേരളത്തില്‍ നിന്ന് ആദ്യമായി ഭൗമ സൂചിക പദവി (ഭൂപ്രദേശ സൂചിക ബഹുമതി) geographical indication tag ലഭിച്ചതും ആറൻമുള കണ്ണാടിക്കാണ്. ചരിത്രവും പാരമ്പര്യവും പറയാൻ ഏറെയുണ്ടെങ്കിലും ആറൻമുള കണ്ണാടിയും അതിന്‍റെ നിർമാണവും ഇന്ന് വലിയ പ്രതിസന്ധിയെ നേരിടുകയാണ്. അതിന് കാരണം കേരളം കണ്ട ഏറ്റവും വലിയ രണ്ട് പ്രളയങ്ങളാണെന്നാണ് കണ്ടെത്തല്‍.

പ്രളയം കവർന്നെടുത്ത കരകൗശല മികവ്: വിദേശ വിപണിയില്‍ അടക്കം അത്‌ഭുത കരകൗശല വസ്തുവായി മാറിയ ആറൻമുള കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള സമ്മാനമായാണ് കൂടുതലും ഉപയോഗിക്കുന്നത്. ചെമ്പും വെളുത്തീയവും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണല്‍ കലരാത്ത പുഞ്ചമണ്ണ് ചേർത്ത് അരച്ചുണ്ടാക്കിയ മിശ്രിതമാണ് ആറൻമുള കണ്ണാടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. 2018ലെ പ്രളയത്തിന് ശേഷം കേരളത്തിലെ കാലാവസ്ഥയിലും മണ്ണിന്‍റെ ഘടനയിലുമുണ്ടായ മാറ്റമാണ് ആറൻമുള കണ്ണാടിയുടെ നിർമാണം നേരിടുന്ന വലിയ പ്രതിസന്ധി. മണല്‍ കലരാത്ത പുഞ്ചമണ്ണാണ് ആറൻമുള കണ്ണാടിയുടെ നിർമാണത്തിന് അത്യന്താപേക്ഷിതമായ ഘടകം. പമ്പ നദിയുടെ തീരത്ത് നിന്ന് ലഭിക്കുന്ന ഈ പുഞ്ചമണ്ണ് ഇപ്പോൾ ലഭ്യമല്ലെന്നാണ് ആറൻമുള കണ്ണാടി നിർമിക്കുന്നവർ പറയുന്നത്.

മണ്ണിനാണ് പ്രാധാന്യം:പണ്ട് കണ്ണാടിക്ക് വാര്‍പ്പുണ്ടാക്കുന്നതിനായി പാടത്ത് നിന്നും മേല്‍മണ്ണ് എടുത്തിരുന്നു. ഇപ്പോള്‍ ആവശ്യമായ മണ്ണ് ലഭിക്കണമെങ്കില്‍ ആഴത്തില്‍ കുഴിക്കണം. എന്നാലും ചിലപ്പോഴെല്ലാം ലഭിക്കുന്നത് ഗുണനിലവാരമില്ലാത്തതാണെന്നാണ് രണ്ട് പതിറ്റാണ്ടിലേറെ ആറന്‍മുള കണ്ണാടി നിര്‍മാണത്തിനായി നീക്കിവച്ച മനോജിന്‍റെ വാക്കുകള്‍. ആറന്മുളയിലെ പമ്പാ നദിക്ക് സമീപമായുള്ള കണ്ണാടി നിർമാണ യൂണിറ്റിന് അടുത്തായി തന്നെയാണ് മനോജും കുടുംബവും താമസിക്കുന്നത്. 2018 ലെ മഹാപ്രളയം അദ്ദേഹത്തിന്‍റെ ഒറ്റനില വീടിനെ മുക്കികളഞ്ഞു. വീട് വെള്ളമെടുത്തതിനെക്കാളുപരി പ്രളയത്തെതുടര്‍ന്ന് മണ്ണിലേക്ക് വലിയതോതില്‍ ചെളി അടിഞ്ഞുകൂടിയെന്നും ഇതോടെ ആറന്മുള കണ്ണാടി നിർമിക്കാൻ ആവശ്യമായ യഥാർഥ മണ്ണിന് കേടുപാടുകൾ സംഭവിച്ചുവെന്നും പറയുമ്പോള്‍ മനോജിന്‍റെ സ്വരത്തില്‍ സങ്കടം വല്ലാതെ നിഴലിച്ചിരുന്നു.

പ്രളയം തകര്‍ത്ത് ഗുണനിലവാരം: ആറന്‍മുള കണ്ണാടി നിര്‍മാണമേഖലയിലുള്ള തൊഴിലാളികളുടെ ആശങ്കയെ ബലപ്പെടുത്തുന്നത് തന്നെയാണ് കേരള സോയിൽ സർവേ ഡിപ്പാർട്ട്‌മെന്‍റ് നല്‍കുന്ന സ്ഥിരീകരണവും. കേരളത്തില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ മണ്ണിന്‍റെ രാസ-ഭൗതിക ഗുണങ്ങളില്‍ മാറ്റങ്ങളുണ്ടായതായാണ് സോയിൽ സർവേ ഡിപ്പാർട്ട്‌മെന്റിന്‍റെ ഈ വിശദീകരണം. 2018 ലെ പ്രളയത്തിന് ശേഷം 13 ജില്ലകളിലെ തങ്ങളുടെ പഠനത്തില്‍ മണ്ണിന്‍റെ ഗുണനിലവാരത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടെത്തിയെന്നും ആറന്മുള സ്ഥിതി ചെയ്യുന്ന പമ്പാ തടത്തിലെ മണ്ണിന്‍റെ നിലവാരം ഗണ്യമായി കുറഞ്ഞുവെന്നും സോയിൽ സർവേ ഡിപ്പാർട്ട്‌മെന്‍റിലെ അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ വി.ജസ്‌റ്റിനും വ്യക്തമാക്കുന്നുണ്ട്.

മേല്‍മണ്ണ് ഒലിച്ചുപോയതും പ്രളയം കൊണ്ടുവന്ന ചെളിയുമെല്ലാം ആറന്‍മുള മേഖലയിലെ മണ്ണിന്‍റെ ഗുണനിലവാരത്തെ മലിനമാക്കിയപ്പോള്‍, അതിശക്തമായ മഴ സാഹചര്യം കൂടുതൽ വഷളാക്കുകയും ചെയ്‌തു. വെള്ളപ്പൊക്ക ബാധിത പഞ്ചായത്തുകളുടെ ഉപരിതല മണ്ണില്‍ വലിയ അളവിൽ മണൽ, ചെളി, കളിമണ്ണ് എന്നിവ അടിഞ്ഞുകൂടി. ഇതാവട്ടെ രണ്ട് മുതല്‍ 10 സെന്റീമീറ്റർ വരെ വ്യത്യാസപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം തന്നെ മണ്ണിന് ഒരു പുറംതോട് സൃഷ്‌ടിച്ചതായും 'പ്രളയാനന്തര സാഹചര്യത്തിൽ കേരളത്തിലെ മണ്ണിന്‍റെ ആരോഗ്യസ്ഥിതി' എന്ന പേരിലുള്ള സോയിൽ സർവേ ഡിപ്പാർട്ട്‌മെന്റിന്‍റെ പഠനം അടിവരയിടുന്നു.

ആശങ്ക ഒഴിയുന്നില്ല:"ഉപയോഗിക്കുന്ന മണ്ണ് ശരിയായ രീതിയില്‍ ഒട്ടിപിടിച്ചാല്‍ മാത്രമെ ഇവ ഉയർന്ന ഊഷ്മാവിൽ കണ്ണാടി നിര്‍മാണത്തിനുള്ള വാര്‍പ്പില്‍ ശരിയായി പിടിക്കുകയുള്ളു. നിലവില്‍ ലഭിക്കുന്ന മണ്ണ് എളുപ്പത്തിൽ പൊടിയുന്നു. അതുകൊണ്ടുതന്നെ ഒട്ടിച്ചെടുക്കുമ്പോള്‍ ഇത് കണ്ണാടിക്ക് കേടുപാട് വരുത്തുന്നു" ആറന്മുളയില്‍ അവശേഷിക്കുന്ന 26 പരമ്പരാഗത കണ്ണാടി നിര്‍മാതാക്കളില്‍ ഒരാളായ സുന്ദര്‍ ഹാന്‍ഡിക്രാഫ്‌റ്റ്‌സിന്‍റെ ഉടമയായ സൂരജ് ആചാര്യയുടെ വാക്കുകള്‍ നീളുന്നതിങ്ങനെയാണ്.

മണ്ണുകൊണ്ട് നിര്‍മിക്കുന്ന കളിമൺ ഡിസ്കുകൾ നിലവില്‍ പലപ്പോഴും പൊടിഞ്ഞുപോകുന്നുണ്ട്. ഇവ ഉയർന്ന ഊഷ്മാവിൽ പഴുപ്പിച്ചെടുക്കുന്നതാണ് നല്ല നിലവാരമുള്ള കണ്ണാടിക്കായുള്ള ആവശ്യഘടകം. ഈ ഡിസ്കുകൾ പലതവണ പുനരുപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കളിമണ്ണിന്‍റെ ഗുണനിലവാരം നല്ലതല്ലെങ്കില്‍ അവ തകരുകയും കണ്ണാടിക്ക് വേണ്ടിയുള്ള ചൂടുള്ള ലോഹ മിശ്രിതം പുറത്തേക്ക് ഒഴുകുകയും ചെയ്യുമെന്നും സൂരജ് ആചാര്യ വ്യക്തമാക്കി. കണ്ണാടിക്കായുള്ള ടിന്നിന്‍റെയും വെള്ള ലെഡിന്‍റെയും മിശ്രിതം കളിമൺ ഡിസ്കുകൾ അടങ്ങുന്ന മണ്ണിന്‍റെ വാര്‍പ്പില്‍ നിറയ്ക്കും. തുടര്‍ന്ന് അവ ചൂടാക്കും. ലോഹ മിശ്രിതം ഉരുകിക്കഴിഞ്ഞാൽ, ഉരുകിയ ലോഹ മിശ്രിതം മണ്‍വാര്‍പ്പിന്‍റെ ഡിസ്കുകൾക്കിടയിലുള്ള സ്ഥലത്തേക്ക് ഒഴുകാൻ അനുവദിക്കും. പിന്നീട് അത് തണുപ്പിച്ച് പുറത്തെടുക്കുമെന്നും ആയാസകരമായ കണ്ണാടി നിര്‍മാണത്തെ സൂരജ് ആചാര്യ ലഘുവായി പറഞ്ഞവസാനിപ്പിക്കുകയും ചെയ്‌തു.

അതേസമയം നിലവിലെ മണ്ണിന്‍റെ ഗുണനിലവാരം കുറഞ്ഞതുവഴി നിര്‍മിക്കുന്ന 50 എണ്ണത്തില്‍ 10 മുതല്‍ 15 വരെ കണ്ണാടികള്‍ക്ക് നാശം സംഭവിക്കുന്നു എന്നതായിരുന്നു ആറന്മുള കണ്ണാടി തൊഴിലാളികളുടെ അസോസിയേഷൻ പ്രസിഡന്‍റും പരമ്പരാഗത കണ്ണാടി നിർമാതാവുമായ സിന്ധുവിന്‍റെ പരിഭവം. എന്നാല്‍ പ്രൗഡിയും പാരമ്പര്യവും വിളിച്ചോതുന്ന ആറന്‍മുള കണ്ണാടിയുടെ നിര്‍മാണം നിലവില്‍ നേരിടുന്ന വെല്ലുവിളികളും ആശങ്കകളും അങ്ങനെ തന്നെ തുടരുന്നു. ഇക്കാര്യത്തിൽ വിശദമായ പഠനം നിർദേശിക്കുമെന്നും ആറന്മുളയിലെ കരകൗശല തൊഴിലാളികൾക്ക് ആവശ്യമായ മണ്ണിന്‍റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുമെന്നുമുള്ള ഉദ്യോഗസ്ഥരുടെ മറുപടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Last Updated : Jun 6, 2023, 11:02 PM IST

ABOUT THE AUTHOR

...view details