പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ. എസ്. രാജൻ അധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും.
മത്സര വള്ളംകളിയുടെ ഉദ്ഘാടനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവല്ല ശ്രീരാമകൃഷ്‌ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും.
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പള്ളിയോട ശിൽപികളെ ആദരിക്കും. രാമപുരത്ത് വാര്യർ പുരസ്‌കാരം സംസ്ഥാന സാംസ്‌കാരിക മന്ത്രി വി. എൻ. വാസവൻ സമ്മാനിക്കും. പള്ളിയോട സേവാസംഘത്തിന്‍റെ കാർഷിക പദ്ധതികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും.
ആന്‍റോ ആന്‍റണി എംപി പാഞ്ചജന്യം സുവനീർ പ്രകാശനം നിർവഹിക്കും. കൊവിഡ് മഹാമാരി കാരണം രണ്ട് വർഷമായി പ്രതീകാത്മകമായി മാത്രം നടത്തിയിരുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഇത്തവണ വേഗം കൂടി അടിസ്ഥാനമാക്കിയുള്ള മത്സരം ഉൾപ്പെടെ വിപുലമായി നടത്തും. സെപ്റ്റംബർ 11 ന് രാവിലെ 9 ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ദീപം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര നടക്കും.
രാവിലെ 10ന് ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ്. അയ്യർ പതാക ഉയർത്തും. ജലോത്സവത്തിന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 11 ന് ഉച്ചയ്ക്ക് ഒന്നിന് നടക്കും. ഉദ്ഘാടകനായ കേന്ദ്രടൂറിസം മന്ത്രി രാവിലെ 11.30 ന് ആറന്മുളയിലെത്തും.
പമ്പാ നദീതടത്തിൽ കാർഷിക സംസ്കാരത്തിന് പദ്ധതി:പള്ളിയോട സേവാസംഘത്തിന്‍റെ കാർഷിക പദ്ധതികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. അഷ്‌ടമിരോഹിണിക്ക് ഉൾപ്പെടെ തദ്ദേശീയമായ വിഭവങ്ങൾ പരമാവധി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പള്ളിയോടക്കരകളിലും അനുബന്ധ സ്ഥലങ്ങളിലും കൃഷിക്കാർക്ക് പ്രോത്സാഹനം നൽകാൻ ആവശ്യമായ പദ്ധതികൾ പള്ളിയോട സേവാസംഘം നടപ്പാക്കും. ഇതിന് മുന്നോടിയായി മല്ലപ്പുഴശേരി, ആറന്മുള പഞ്ചായത്തുകളുമായി സഹകരിച്ച് കൃഷിക്കാരിൽ നിന്ന് പച്ചക്കറികൾ ശേഖരിച്ചിരുന്നു.
രാമപുരത്ത് വാര്യർ പുരസ്‌കാരം സുഗതകുമാരിക്ക്:ഇത്തവണത്തെ രാമപുരത്ത് വാര്യർ പുരസ്കാരം അന്തരിച്ച കവയത്രി സുഗതകുമാരിക്കുള്ള മരണാനന്തര വിശിഷ്‌ട പുരസ്‌കാരമായി നൽകും. 10,001 രൂപയും പ്രശസ്‌തിപത്രവും സമ്മാനമായി നൽകും. സുഗതകുമാരിക്ക് 2020 ൽ പുരസ്കാരം നൽകുന്ന കാര്യം ആലോചിച്ചെങ്കിലും കൊവിഡ് മഹാമാരി കാരണം 2020ലും 2021 ലും ജലോത്സവം വിപുലമായി നടത്താൻ കഴിഞ്ഞില്ല.
50 പള്ളിയോടങ്ങൾ: 2020ൽ ളാക-ഇടയാറന്മുള പള്ളിയോടം മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. 2021 ൽ കോഴഞ്ചേരി, മാരാമൺ, കീഴ് വന്മഴി എന്നീ പള്ളിയോടങ്ങൾ കൊവിഡ് നിയന്ത്രണങ്ങളോടെ പങ്കെടുത്തു. മഹാമാരിയുടെ ഭീതിയൊഴിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണ 50 പള്ളിയോടങ്ങൾ പങ്കെടുക്കും. കാട്ടൂർ കടപ്ര എന്നീ പള്ളിയോടങ്ങൾ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇത്തവണ പങ്കെടുക്കില്ല. കടപ്ര പള്ളിയോടം അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കാട്ടൂർ പള്ളിയോടം പുതുതായി നിർമിക്കാനുള്ള ഒരുക്കത്തിലാണ്.
മന്നംട്രോഫിക്കൊപ്പം ക്യാഷ് അവാർഡും:മത്സരവള്ളം കളിയിൽ വിജയിക്കുന്ന എ ബാച്ചിലെയും ബി ബാച്ചിലെയും പള്ളിയോടങ്ങൾക്ക് മന്നം ട്രോഫി ലഭിക്കും. കൂടാതെ അൻപതിനായിരം രൂപ വീതം ക്യാഷ് പ്രൈസും വിജയികൾക്ക് ലഭിക്കും. ആറാട്ടുപുഴ സാരഥി ഹോട്ടൽ ഉടമ കെ. എസ്. മോഹനൻ പിള്ളയാണ് സമ്മാനതുക സ്പോൺസർ ചെയ്യുന്നത്. മന്നം ട്രോഫിക്ക് പുറമേ ചമയം, വിവിധ സ്ഥാനങ്ങൾ, ലൂസേഴ്സ് ഫൈനൽ എന്നിവ ഉൾപ്പെടെ 24 ട്രോഫികൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോഗ്രാഫി മത്സരം:പള്ളിയോട സേവാസംഘത്തിന്‍റെ നേതൃത്വത്തിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പമ്പയുടെ പള്ളിയോടങ്ങൾ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ആർക്കും പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 7,000, 5,000, 3,000 രൂപ വീതം ക്യാഷ് അവാർഡും പ്രശംസാ പത്രവും ലഭിക്കും.
ഫോട്ടോകൾക്ക് പള്ളിയോട സേവാസംഘത്തിന്‍റെ ഫേസ് ബുക്ക് പേജിലൂടെ പൊതുജനങ്ങൾക്കും വോട്ട് ചെയ്യാം. ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന 3 ഫോട്ടോകൾക്ക് പ്രോത്സാഹന സമ്മാനമായി ക്യാഷ് അവാർഡും നൽകും. എൻട്രികൾ സെപ്റ്റംബർ 30 ന് മുൻപ് aranmula4vallamkali@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.
സുരക്ഷയ്ക്കായി 10 ബോട്ടുകൾ:പള്ളിയോട സേവാസംഘത്തിന്‍റെ നേതൃത്വത്തിൽ സുരക്ഷയ്ക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. സുരക്ഷയ്ക്ക് ആവശ്യമായ 10 ബോട്ടുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പള്ളിയോട സേവാസംഘം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അഗ്നി രക്ഷാ സേനയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
റോഡുകൾ അറ്റകുറ്റപ്പണി നടത്തി:റോഡുകളിലെ തടസ്സം നീക്കുന്ന ജോലികൾ പൂർത്തിയായി വരുന്നു. എംകെ റോഡിന്‍റെ അറ്റകുറ്റപ്പണികൾ , വശങ്ങളിലെ കാട് നീക്കുന്ന ജോലികൾ എന്നിവ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. എംകെ റോഡിൽ ഇന്‍റര്‍ലോക്ക് കട്ടകൾ ഇളകിയത് പുനഃസ്ഥാപിച്ചു. ആറന്മുള പൊലീസിന്‍റെ സഹകരണത്തോടെ ഗതാഗതം തിരിച്ചു വിടാനുള്ള ചെറിയ റോഡുകളുടെ അറ്റകുറ്റപ്പണികളും നടത്തി.