സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള മണ്ഡലം. ശക്തനായ എം.വി രാഘവനെ സാഹിത്യകാരനായ കടമ്മനിട്ട രാമകൃഷ്ണന്‍ അട്ടിമറിച്ച രാഷ്ട്രീയ ചരിത്രം. 1991 ന് ശേഷം ഒരു മുന്നണിയ്ക്കും ജയത്തുടര്‍ച്ച നല്‍കാത്ത മണ്ഡലം ഇത്തവണ ചരിത്രം തിരുത്തുമെന്നാണ് എല്‍ഡിഎഫിന്‍റെ വാദം. രണ്ടാമങ്കത്തിനിറങ്ങിയ സിറ്റിങ് എംഎല്‍എ വീണ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളും അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളും ഉയര്‍ത്തിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇടതു വോട്ടുകളും ഓര്‍ത്തഡോക്സ് വോട്ടുകളും നിലനിര്‍ത്തിയാല്‍ വീണയ്ക്ക് ജയം അനായാസം. എന്നാല്‍ സര്‍ക്കാരിനെതിരായ ഓര്‍ത്തഡോക്സ് സഭാ നിലപാട് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയും ഇടത് ക്യാമ്പിനുണ്ട്.
മറുവശത്ത് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരാണ് എതിരാളി. മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങളും വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണവും ഇത്തവണ തുണക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കണക്കുകൂട്ടല്‍. 2016ല്‍ തിരിച്ചടിയായ വിമാനത്താവള വിവാദങ്ങള്‍ അവസാനിച്ചതും ശിവദാസന്‍ നായര്‍ക്ക് ആശ്വാസമാകുന്നു. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ ആറന്മുളയില്‍ മുന്‍നിര നേതാക്കള്‍ക്ക് പകരം നറുക്കുവീണത് പ്രാദേശിക നേതാവ് ബിജു മാത്യുവിനാണ്. ശബരിമല വിഷയവും പ്രളയ പുനര്‍നിര്‍മാണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് എന്‍ഡിഎയുടെ പ്രചാരണം.
മണ്ഡല ചരിത്രം
കോയിപ്രം, തോട്ടപ്പുഴശ്ശേരി, അയിരൂര്‍, ആറന്മുള, മെഴുവേലി, കുളനട, മുളക്കുഴ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പഴയ മണ്ഡലം. 2009ല്‍ പത്തനംതിട്ട നഗരസഭ, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം, ഓമല്ലൂര്‍, ഇരവിപേരൂര്‍, പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി മണ്ഡലം പുനര്‍നിര്‍ണയിച്ചു. അയിരൂര്‍ പഞ്ചായത്തിനെ റാന്നിയിലേക്കും മുളക്കുഴയെ ചെങ്ങന്നൂരിലേക്കും ചേര്‍ത്തു. പുനര്‍നിര്‍ണയത്തോടെ ജില്ലയിലെ ഏറ്റവും വലിയ നിയമസഭ മണ്ഡലമായി ആറന്മുള മാറി. ആകെയുള്ള 2,37,351 വോട്ടര്‍മാരില്‍ 1,12,428 പേര്‍ പുരുഷന്മാരും 1,24,922 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.
മണ്ഡല രാഷ്ട്രീയം
ഐക്യ കേരളത്തിനൊപ്പം നിലവില്‍ വന്ന മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ സ്വാധീനമുണ്ട്. എന്നാല്‍ ഇടത് സ്ഥാനാര്‍ഥികളെയും മണ്ഡലം തുണച്ചിട്ടുണ്ട്. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കെ ഗോപിനാഥപിള്ള നിയമസഭയിലെത്തി. സിപിഐയുടെ എന്‍.സി വാസുദേവനായിരുന്നു എതിരാളി. 1960ല്‍ വീണ്ടും ഗോപിനാഥപിള്ളയ്ക്ക് ജയം. ഇത്തവണ സിപിഐയുടെ ആര്‍ ഗോപാലകൃഷ്ണപിള്ളയാണ് പരാജയപ്പെട്ടത്. 1965ല്‍ കേരള കോണ്‍ഗ്രസിന്‍റെ എന്‍. ഭാസ്കരന്‍ നായര്‍ക്ക് ജയം. കോണ്‍ഗ്രസിന്‍റെ കെ വേലായുധന്‍ തോറ്റു. 1967ല്‍ എസ്.എസ്.പിയുടെ പി.എന്‍ ചന്ദ്രസേനന് ജയം. കോണ്‍ഗ്രസിന്‍റെ കെ.വി നായര്‍ പരാജയപ്പെട്ടു.
1970ല്‍ മണ്ഡലം സാക്ഷ്യം വഹിച്ചത് സ്വതന്ത്രരുടെ പോരാട്ടത്തിന്. ടി.എന്‍ ഉപേന്ദ്രനാഥ കുറുപ്പിനെ പി.എന്‍ ചന്ദ്രസേനന്‍ തോല്‍പ്പിച്ചു. തുടര്‍ന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്‍റെ തുടര്‍ജയങ്ങള്‍. 1977ല്‍ സിറ്റിങ് എംഎല്‍എയെ തോല്‍പ്പിച്ച കോണ്‍ഗ്രസിലെ എം.കെ ഹേമചന്ദ്രന്‍ നിയമസഭയിലെത്തി. 1980ല്‍ കെ.കെ ശ്രീനിവാസനിലൂടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 1982ലും 1987ലും ശ്രീനിവാസന്‍ ജയിച്ചു. 1991ല്‍ എന്‍എസ്‌എസിന്‍റെ രാഷ്ട്രീയ കക്ഷിയായ എന്‍ഡിപി സ്ഥാനാര്‍ഥി ആര്‍ രാമചന്ദ്രന്‍ നായര്‍ക്ക് ജയം.