പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൊവിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കലക്ടറേറ്റില്‍ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും എംഎൽഎമാരുടെയും അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ വിവിധ മേഖലകളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പലയിടങ്ങളിലും മതിയായ സൗകര്യം ലഭ്യമല്ല. അടിസ്ഥാന സൗകര്യങ്ങളുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്തണം. നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് പരിമിതികളുണ്ടെങ്കില്‍ അവ ദുരിതാശ്വാസ ക്യാമ്പുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ് നടത്തണമെന്ന് വീണ ജോര്‍ജ് - അഡ്വ.കെ.യു ജനീഷ് കുമാര്‍
കലക്ടറേറ്റില്‍ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും എംഎൽഎമാരുടെയും അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
പുറമ്പോക്കുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒരു പരിധിവരെ വെള്ളപ്പൊക്കത്തിന് കാരണമാണ്. ഇവിടങ്ങളില്‍ വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണം ഒരുക്കണമെന്ന് യോഗത്തിൽ മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. കോന്നി മണ്ഡലത്തില്‍ നിലവില്‍ ക്യാമ്പുകളുടെ എണ്ണം കുറവാണെങ്കിലും മതിയായ ജാഗ്രത തുടരുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.
ശക്തമായ മഴ പെയ്യുമ്പോൾ കോസ്‌വേകള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുന്നതിനായി ബോട്ട് സൗകര്യം ലഭ്യമാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് യാത്രാസൗകര്യത്തിനായി റാന്നി മണ്ഡലത്തില്‍ പുതിയ പാലങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലത്ത് അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി ഭാഗങ്ങള്‍ ഒറ്റപ്പെട്ട് പോകുന്നത് ഒഴിവാക്കാന്‍ ബെയ്‌ലി പാലങ്ങള്‍ക്കായി ശുപാര്‍ശ നല്‍കുമെന്ന് എംഎൽഎ നേരത്തെ അറിയിച്ചിരുന്നു. ജില്ല കലക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എഡിഎം ഇ. മുഹമ്മദ് സഫീര്‍, തിരുവല്ല ആര്‍ഡിഒ, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.