പത്തനംതിട്ട: ആയുഷ് തൊഴിൽ തട്ടിപ്പ് കേസ് പ്രതി അഖില്‍ സജീവിന്‍റെ പേരില്‍ വീണ്ടും കേസ്. (Akhil Sajeev Again In Recruitment Bribery Case) കിഫ്ബിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന റാന്നി വലിയകുളം സ്വദേശിയായ യുവതിയുടെ പരാതിയില്‍ റാന്നി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അഖില്‍ സജീവും യുവമോര്‍ച്ച നേതാവ് സി ആര്‍ രാജേഷുമാണ് കേസിലെ പ്രതികള്‍.
തട്ടിപ്പിനായി കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു. എംകോം ബിരുദധാരിയായ പരാതിക്കാരിയ്‌ക്ക് അക്കൗണ്ടന്‍റ് ആയി ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. യുവതിയുടെ പരാതിയിൽ റാന്നി പൊലീസ് ഇന്നലെ രാത്രിയിൽ ആണ് കേസ് എടുത്തത്.
അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ഓഫീസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് തുടങ്ങിയത്. 2020 മുതല്‍ 2022 വരെയുള്ള കാലത്ത് പല ഘട്ടങ്ങളിലായാണ് തട്ടിപ്പ് നടന്നത്. നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും പണം കൈപ്പറ്റി.