പത്തനംതിട്ട: ശവസംസ്‌കാരം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോള്‍ 'മരിച്ച'യാള്‍ വീട്ടില്‍ തിരിച്ചെത്തി. കുടശ്ശനാട്, പൂഴിക്കാട് വിളയില്‍ കിഴക്കേതില്‍ സക്കായി എന്നു വിളിക്കുന്ന സാബു(35)വിനെയാണ് മൂന്ന് മാസത്തിനുശേഷം സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ടുവന്നത്. അപകടത്തില്‍പ്പെട്ട് മരിച്ചെന്ന് കരുതി മൂന്നുമാസം മുൻപ് വീട്ടുകാര്‍ മറ്റൊരു മൃതദേഹം സംസ്‌കരിച്ചിരുന്നു. സാബു തിരിച്ചെത്തിയതോടെ സംസ്‌കരിച്ചത് ആരുടെ മൃതദേഹമാണെന്ന അന്വേഷണത്തിലാണ് പൊലീസ്.
'ശവസംസ്കാരം കഴിഞ്ഞ്' മൂന്ന് മാസത്തിന് ശേഷം തിരിച്ചെത്തി; അമ്പരന്ന് നാട്ടുകാര്‍
സാബുവിന് മുന്‍ ഭാഗത്തെ മൂന്ന് പല്ലുകള്‍ ഇല്ലായിരുന്നു. മൃതദേഹത്തിലും ഇങ്ങനെ തന്നെയായിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്
കാറ്ററിങ്, ഹോട്ടല്‍, ബസ് ക്ലീനര്‍ ജോലികള്‍ ചെയ്തിരുന്ന സാബു വല്ലപ്പോഴുമാണ് വീട്ടില്‍ വന്നിരുന്നത്. ഇയാള്‍ മോഷണങ്ങളും നടത്തിയിരുന്നു. ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ നവംബറില്‍ 46,000 രൂപ മോഷ്ടിച്ച കേസില്‍ സാബുവിനെ തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. ഡിസംബര്‍ 24ന് പാലായ്ക്കടുത്ത് ഇടപ്പാടിയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഇയാളെ തിരിച്ചറിയാനായി പാലാ പൊലീസ്, മറ്റ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ടു. സാബുവാണെന്ന് സംശയം തോന്നിയ തിരുവനന്തപുരം പൊലീസ്, ഇയാളുടെ സഹോദരന്‍ സജിയുമായി ബന്ധപ്പെട്ടു. ഡിസംബര്‍ 26ന് പാലായിലെത്തിയ സഹോദരന്‍ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം 30ന് കുടശ്ശനാട് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്തു. സാബുവിന് മുന്‍ ഭാഗത്തെ മൂന്ന് പല്ലുകള്‍ ഇല്ലായിരുന്നു. മൃതദേഹത്തിലും ഇങ്ങനെ തന്നെയായിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സാബു ക്ലീനറായി ജോലിനോക്കിയിരുന്ന ബസിലെ ഡ്രൈവര്‍ മുരളീധരനാണ് ഇയാളെ കണ്ടെത്തിയത്. സുഹൃത്തുക്കളും സഹോദരന്‍ സജിയും ചേര്‍ന്ന് സാബുവിനെ പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.സീനയും സ്റ്റേഷനില്‍ എത്തി സാബുവിനെ തിരിച്ചറിഞ്ഞു. സാബുവിനെ കണ്ടെത്തിയതോടെ പാലായില്‍ അപകടത്തില്‍ മരിച്ചത് ആരാണെന്ന അന്വേഷണത്തിലാണ് പൊലീസ്. മൃതദേഹത്തിന്‍റെ ആന്തരാവയവങ്ങളുടെ സാമ്പിള്‍ ഡിഎന്‍എ പരിശോധനക്കായി മൂന്നുമാസം മുന്‍പ് ശേഖരിച്ചിരുന്നു. ഇതുവെച്ച്, മരിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.