പത്തനംതിട്ട: വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള അടൂർ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികൾക്ക് അധികൃതരുടെ ക്രൂരമർദനം. പ്രാർഥനാക്രമം തെറ്റിച്ചെന്ന് ആരോപിച്ചാണ് വാർഡന്‍ ഉൾപ്പെടെയുള്ളവർ കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ ഒമ്പത് കുട്ടികളിൽ രണ്ട് പേരുടെ തലക്ക് സാരമായ പരിക്കുണ്ട്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
അടൂർ വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികൾക്ക് അധികൃതരുടെ ക്രൂര മർദനം - സിഡബ്ല്യുസി
മര്‍ദനത്തില്‍ പരിക്കേറ്റ ഒമ്പത് കുട്ടികളിൽ രണ്ട് പേരുടെ തലക്ക് സാരമായ പരിക്ക്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
അടൂർ സ്വദേശി വിജയകുമാർ, റാന്നി സ്വദേശി അശോകൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. പ്രാർഥനാക്രമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു വിദ്യാർഥികളെ മുറിയിലിട്ട് മർദിച്ചത്. ആശ്രമം അധികൃതർ അറിഞ്ഞുകൊണ്ടാണ് മർദിച്ചതെന്ന് കുട്ടികൾ ആരോപിച്ചു. ''ഞങ്ങൾ പ്രാർഥനക്ക് വരിവരിയായി ഇരുന്നില്ലെന്ന് പറഞ്ഞായിരുന്നു തല്ലിയത്. ഞങ്ങൾ പിന്നിലാണ് ഇരുന്നത്. മുകളിൽ പഠിക്കാൻ പോകണ്ട സമയമായിരുന്നു. പ്രാർഥനക്കിടെ ഞങ്ങൾ ശ്ലോകങ്ങൾ ചൊല്ലുന്നതൊക്കെ ഇവർക്ക് കേൾക്കാമായിരുന്നു. എന്നിട്ടും ഞങ്ങൾ വരിയായി ഇരുന്നില്ലെന്ന് പറഞ്ഞാണ് തല്ലിയത്''- കുട്ടികൾ പറഞ്ഞു.
അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുളള കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും അംഗങ്ങളും സന്ദർശിച്ചു. സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിനോട് അടിയന്തരമായി അന്വേഷണം നടത്തി, കർശന നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കൃത്യമായ വകുപ്പുകൾ ചുമത്തിത്തന്നെയാണോ കേസെടുത്തിരിക്കുന്നതെന്ന് പരിശോധിക്കും. വിശദമായ പരിശോധനക്ക് ശേഷം അധികൃതർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വ.എ.സക്കീർ ഹുസൈൻ വ്യക്തമാക്കി. കുട്ടികളെ സുരക്ഷിതമായ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.