പത്തനംതിട്ട: വാഹനം കത്തിക്കൽ പരമ്പരയിലൂടെ അടൂര്‍ നഗരത്തെ മാസങ്ങളോളം ഭീതിയിലാഴ്‌ത്തുകയും പൊലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്‌ത പ്രതി പിടിയില്‍. അടൂർ അമ്മകണ്ടകര സ്വദേശി ശ്രീജിത്ത് (25) ആണ് പിടിയിലായത്. തുടർച്ചയായ തീപിടിത്ത സംഭവങ്ങളിൽ സംശയം തോന്നിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയായ യുവാവ് കുടുങ്ങിയത്.
രണ്ട് ദിവസം മുന്‍പ് രാവിലെ അടൂർ ചേന്നംപള്ളി ജംഗ്ഷനിൽ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് തീപിടിച്ചിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ വിവരം ഫയര്‍ഫോഴ്‌സിലറിയിക്കുകയും, അവരെത്തി കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടാകാതെ തീ അണക്കുകയും ചെയ്‌തിരുന്നു. ഒരു ലക്ഷത്തോളം നാശനഷ്‌ടം റിപ്പോര്‍ട്ട് ചെയ്‌ത സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ബുധനാഴ്‌ച (03-08-2022) രാവിലെയോടെ അതേ സ്ഥലത്ത്, കിടന്ന അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയും കത്തി നശിച്ചു. തുടർച്ചയായ സംഭവങ്ങളിൽ സംശയം തോന്നിയ പൊലീസ്, ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അന്വേഷണം ഊർജ്ജിതമാക്കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.