പത്തനംതിട്ട:സുരക്ഷ ഇടനാഴി പദ്ധതിയില്‍ നിര്‍മിച്ച അടൂര്‍-കഴക്കൂട്ടം പാതയിലെ വട്ടത്തറപ്പടി ജങ്‌ഷനില്‍ അപകടങ്ങള്‍ പതിവ് കാഴ്‌ചയാകുന്നു. പാത യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തതിന് ശേഷം ഈ പ്രദേശത്ത് മാത്രം നടന്ന അപകടങ്ങളില്‍ 27 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. കഴിഞ്ഞ ആഴ്‌ചയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അടൂർ സ്വദേശിയായ യുവാവ് മരിക്കുകയും, ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
സുരക്ഷ ഇടനാഴിയില്‍ പതിവ് കാഴ്‌ചയായി അപകടങ്ങള്‍: ശാസ്‌ത്രീയ സംവിധാനം ഒരുക്കി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍
കഴിഞ്ഞ ദിവസം കാർ അപകടത്തിൽപ്പെട്ട് അടൂർ സ്വദേശിയായ യുവാവ് മരിക്കുകയും ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തതാണ് ഇവിടെ ഒടുവില്‍ നടന്ന അപകടം
കഴക്കൂട്ടം-അടൂർ സുരക്ഷ ഇടനാഴിയിലെ വട്ടത്തറപ്പടി ജങ്‌ഷനിലെ കൊടുംവളവാണ് അപകടങ്ങള്‍ക്ക് കാരണം. 50 മീറ്റര്‍ ദൂരത്ത് നിന്നും ഇരു ദിശകളിലായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പോലും പരസ്‌പരം കാണാന്‍ സാധിക്കാത്ത അവസ്ഥയാണ് വളവിനുള്ളത്. ഈ വളവിനോട് ചേർന്നാണ് അടൂർ നഗരത്തെയും പെരിങ്ങനാട് ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന ഉപറോഡുകളും വന്ന് ചേരുന്നത്.
ബൈപാസിൽ എം സി റോഡ് ക്രോസ് ചെയ്യുന്നതിനിടെ വേഗത്തില്‍ എത്തുന്ന വാഹനങ്ങൾ ഇടിച്ചാണ് നിരവധി യാത്രക്കാര്‍ മരിച്ചിട്ടുള്ളത്. അപകടങ്ങള്‍ പതിവാകുമ്പോള്‍ ഹോം ഗാര്‍ഡിനെ നിയമിച്ച് താത്‌കാലിക പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കാറുണ്ട്. വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തുന്നത് വീണ്ടും അപകടത്തിന് കാരണമാകാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കോടികൾ മുടക്കി സുരക്ഷ ഇടനാഴി പദ്ധതിയിൽ റോഡ് നിർമിച്ച റോഡില്‍ ശാസ്‌ത്രീയ സംവിധാനങ്ങള്‍ ഒരുക്കി സുരക്ഷ തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.