പത്തനംതിട്ട: കാടിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ളാഹ അട്ടത്തോട് മഞ്ഞത്തോട് ആദിവാസി കോളനിയില്‍ സന്തോഷിന്റെ ഭാര്യ ശാന്തയാണ്(39) വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാടിനുള്ളിൽ കുടിൽ കെട്ടിയാണ് ഇവർ താമസിക്കുന്നത്.
ആദിവാസി യുവതിക്ക് കാടിനുള്ളിൽ പ്രസവം; രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍ - services of 108 ambulance
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ആനന്ദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി പ്രഥമ ശുശ്രൂഷ നല്കി
ശാന്തക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പം ഉള്ളവര്‍ വിവരം ആശാ പ്രവര്‍ത്തകയെ അറിയിച്ചു. ഇവര്‍ ഉടൻ വിവരം വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്നമ്മ ഏബ്രഹാമിനെ അറിയിക്കുകയും അന്നമ്മ വഴി കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. ആംബുലന്‍സ് പൈലറ്റ് എം.എസ്. സുജിത്ത്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് എ. ആനന്ദ് എന്നിവരുൾപ്പെട്ട സംഘം ഉടൻ തന്നെ സ്ഥലത്തെത്തി.
ആംബുലന്‍സ് എത്തുന്നതിനു മുമ്പുതന്നെ ശാന്ത കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ആനന്ദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി പ്രഥമ ശുശ്രൂഷ നല്കി. അപ്പോഴേക്കും പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.ആര്യയും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനേയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.