പത്തനംതിട്ട:കുടിവെള്ളം ദുരുപയോഗം ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു. വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ തീരുമാനിക്കുന്നതിന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.50 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 11 ലക്ഷം രൂപയും കോര്‍പറേഷന് 16.50 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി ചെലവഴിക്കാം. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 16.50 ലക്ഷം രൂപയും കോര്‍പറേഷന് 22 ലക്ഷം രൂപയും ചെലവഴിക്കാം.വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിര്‍ബന്ധമായും പരിശോധിക്കണം.
കുടിവെള്ളം എത്തിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമായും ഘടിപ്പിക്കണം. വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്‍ തുറക്കണം. പൈപ്പ് പൊട്ടല്‍, പമ്പിംഗ് തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ വാട്ടര്‍ അതോറിറ്റി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ അംഗങ്ങളാക്കി രൂപകരിച്ച വാട്സാപ്പ് ഗ്രൂപ്പിലൂടെ, ലഭിക്കുന്ന പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.