പത്തനംതിട്ട:ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടികളുമായി പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആർ നിശാന്തിനി. പൊലീസ് സ്റ്റേഷനുകളിലെ മദ്യപാനത്തിനെതിരെ ഡിവൈഎസ്‌പി, സ്റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് എസ്.പി പ്രത്യേക സര്‍ക്കുലര്‍ നല്‍കി.
രാത്രി കാലങ്ങളില്‍ പൊലീസ് സ്റ്റേഷനുകളില്‍ വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ മദ്യപിച്ച നിലയിലാണ് സംസാരിക്കുന്നതെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മലയോര മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥര്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്നതായും പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ല പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍.
മദ്യപിച്ച് ജോലിക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി പിടികൂടാനാണ് എസ്.പിയുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശം. ജി.ഡി ചാര്‍ജുള്ള ഉദ്യോഗസ്ഥരും മദ്യപിച്ച് ജോലിചെയ്യുന്നുവെന്ന് പരാതി ലഭിച്ചതായും സര്‍ക്കുലറില്‍ പറയുന്നു.
ALSO READ:സ്ത്രീധന പീഡനം തടയാൻ ഡൗറി പ്രൊഹിബിഷന്‍ ഓഫീസർ, ചട്ടങ്ങളില്‍ ഭേദഗതിയുമായി സർക്കാർ
മദ്യപിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം ലഭിച്ചാല്‍ അവരെ ഉടന്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി തുടര്‍നടപടി എടുക്കണമെന്നാണ് ഡിവൈഎസ്‌പിമാര്‍ക്കും സ്റ്റേഷന്‍ ചാര്‍ജുള്ള ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാത്രികാലങ്ങളില്‍ സ്റ്റേഷനുകളില്‍ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.