പത്തനംതിട്ട:കോന്നിയിൽ സഹപ്രവർത്തകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 11 വർഷത്തിന് ശേഷം കോന്നി പൊലീസ് പിടികൂടി. തിരുവനന്തപുരം വട്ടപ്പാറ മഞ്ഞന്‍കോട് കോളനിയില്‍ പ്രകാശാണ് (41) അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി ക്ലമന്‍റിനെ(30) കോട്ടയത്ത് വച്ച് പട്ടിക കഷ്‌ണം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രകാശ്.
ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം വട്ടപ്പാറയിൽ നിന്നുമാണ് പിടികൂടിയത്. 2011 മേയ് ഏഴിനാണ് കേസിന് ആസ്‌പദമായ സംഭവം. റോഡ് ടാറിങ് പണിക്ക് വന്നതാണ് ഇരുവരും.
കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ് എന്നയാളുടെ വീടിന്‍റെ സിറ്റൗട്ടില്‍ വച്ച് ഇരുവരും തമ്മിൽ വാക്കു തര്‍ക്കമുണ്ടായി. വാക്കുതർക്കത്തിനിടെ പ്രകാശ് ക്ലമന്‍റിന്‍റെ തലയ്ക്കു പിന്നിൽ പട്ടിക കഷ്‌ണം കൊണ്ട് അടിച്ചു. ഗുരുതരമായി പരുക്കേറ്റ ക്ലമന്‍റ് പിന്നീട് മരിച്ചു.