പത്തനംതിട്ട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഏറത്ത് ചാത്തന്നൂർപ്പുഴ മുഞ്ഞനാട്ട് സ്വദേശി രാഘവനെയാണ് (56) അടൂർ പൊലീസ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പൊലീസിന്‍റെ വലയിലായത്.
പീഡനവിവരം പെണ്‍കുട്ടി പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചതനുസരിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന്‍റെ തുടക്കത്തിൽ ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ.പി.എസിന്‍റെ നിർദ്ദേശ പ്രകാരം അടൂർ ഡിവൈഎസ്‌പി ആർ.ബിനുവിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ദിവസങ്ങളോളം അന്വേഷണം നടത്തി.
കിളിവയൽ കോളജിന് സമീപമുള്ള വീട്ടിൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചയോടെ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.