പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തെത്തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം. അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയാണെന്ന് അമ്മ രജനി. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഈ നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നും ഇത്തരത്തിലൊരു തെരുവു നായ ഇല്ലെന്നും അഭിരാമിയുടെ അമ്മ പറഞ്ഞു.
നായയുടെ കടിയേറ്റ മകളെ എത്തിച്ചപ്പോള്‍ റാന്നി പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പിന്നീട് കൊണ്ടുപോയെിരുന്നു. അവിടെയെത്തിയപ്പോള്‍ പരിക്കിന്റെ ഗൗരവം ഡോക്‌ടര്‍ തിരിച്ചറിഞ്ഞില്ലെന്നും കുടുംബം ആരോപിച്ചു.
ശുശ്രൂഷകള്‍ ചെയ്‌തത് കുട്ടിയുടെ പിതാവ്: സോപ്പ് വാങ്ങിച്ചുകൊണ്ട് വന്ന് കുട്ടിയുടെ പിതാവ് തന്നെയാണ് മുറിവ് കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. എന്നാല്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ അല്ല കടിച്ചതെന്നും വീട്ടില്‍ വൈറസ് ബാധിച്ച നായയെ ആരോ ഇറക്കി വിട്ടതാണെന്നും കുട്ടിയുടെ അമ്മ പറയുന്നു.
ഓഗസ്റ്റ് 13ന് രാവിലെ അയല്‍വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ റോഡില്‍ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് മൂന്ന് ഡോസ് വാക്‌സിനെടുത്തു.
നാലാമത്തേത് ഈ മാസം പത്തിനായിരുന്നു. അതിനിടെ ആരോഗ്യനില മോശമായി. ഭക്ഷണവും വെള്ളവും കഴിക്കാനാകാതെകുട്ടി തീർത്തും അവശനിലയിലായി. വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ALSO READ:തെരിവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം; ഉന്നതതല അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്‍റ്
മൈലപ്ര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ ഏഴാംക്ളാസ് വിദ്യാര്‍ത്ഥിനിയാണ് അഭിരാമി. മൂന്ന് ഡോസ് വാക്സിന്‍ കുത്തിവച്ചിട്ടും കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മരുന്നിന്റെ ഗുണനിലവാരത്തെപ്പറ്റി സംശയമുണ്ടെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.അഭിരാമിയുടെ സംസ്‌കാരം നാളെ(07.09.2022) നടക്കും.