പത്തനംതിട്ട : പേവിഷബാധയേറ്റ് പത്തനംതിട്ടയില്‍ 12 വയസുകാരി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥയും ചികിത്സ പിഴവുമുണ്ടായെന്ന തരത്തിലുള്ള ആരോപണം വസ്‌തുതാവിരുദ്ധമെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍. കൃത്യമായ ചികിത്സ ലഭ്യമാക്കിയതിന് ശേഷവും സംഭവിക്കാന്‍ സാധ്യതയുള്ള അപൂര്‍വം സാഹചര്യങ്ങളില്‍ ഒന്നായിരുന്നു കുട്ടിയുടെ മരണം. സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള വീഴ്‌ചയോ പിഴവോ ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആശുപത്രിയുടെ വിശദീകരണം :പതിമൂന്നാം തീയതി രാവിലെ പട്ടിയുടെ കടിയേറ്റ കുട്ടിയെ ഏകദേശം ഒന്‍പത് മണിയോടുകൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതിന് ശേഷം കുട്ടിക്ക് വേണ്ട എല്ലാവിധ പ്രതിരോധ ചികിത്സാനടപടികളും താമസം വിനാ ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയ ഉടനെ മുറിവുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുകയും ചെയ്‌തു.
പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പും മുറിവിന് ചുറ്റും നല്‍കുന്ന ഇമ്മ്യൂണോഗ്ലോബുലിനും ആശുപത്രിയില്‍ ലഭ്യമായിരുന്നത് കൊണ്ട് ഉടനെ തന്നെ നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. കണ്ണിലും കണ്‍പോളകളിലുമുള്ള മുറിവുകള്‍ക്ക് യഥാസമയം നേത്രരോഗ വിദഗ്‌ധര്‍ ചികിത്സ നല്‍കുകയും മുറിവുകളുടെ കാഠിന്യം നിമിത്തം രോഗാണുബാധ തടയുന്നതിന് ആശുപത്രിയില്‍ മൂന്ന് ദിവസം കിടത്തി ആന്‍റിബയോട്ടിക്ക് ഇഞ്ചക്ഷനുകള്‍ നല്‍കുകയും ചെയ്‌തു. മുറിവുകളിലെ അണുബാധ കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തില്‍ കുട്ടിയെ വീട്ടിലേക്ക് ഡിസ്‌ചാര്‍ജ് ചെയ്‌ത് തുടര്‍ ചികിത്സക്കായി അടുത്ത ആശുപത്രിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അത്യന്തം ദൗര്‍ഭാഗ്യകരം :വീടിന് അടുത്തുള്ള ആശുപത്രിയില്‍ നിന്നും തുടര്‍ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എല്ലായിടത്തും ഒരുപോലെ അംഗീകരിക്കപ്പെട്ടിട്ടുള്ള വിദഗ്‌ധ ചികിത്സാരീതികള്‍ തന്നെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കിയത്. പേവിഷബാധക്കെതിരെയുള്ള അത്യാധുനിക ശാസ്ത്രീയ ചികിത്സ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂറും ലഭ്യമാണ്.
ശരിയായ ചികിത്സ ലഭ്യമാക്കിയതിന് ശേഷവും കുട്ടിയുടെ ജീവന്‍ നഷ്‌ടമായത് അത്യന്തം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ആ കുടുംബത്തിന്‍റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ കേരളത്തിലെ ഓരോ ഡോക്‌ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പങ്കുചേരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തെരുവ് നായ ആക്രമണത്തില്‍ പന്ത്രണ്ട് വയസുകാരി മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അഭിരാമിയുടെ അമ്മ രജനി രംഗത്തുവന്നിരുന്നു.