പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വെന്‍റിലേറ്ററില്‍ ചികിത്സയിൽ കഴിയുകയായിരുന്ന പന്ത്രണ്ടു വയസുകാരി അഭിരാമിയുടെ മരണം ഉൾക്കൊള്ളാനാകാതെ ബന്ധുക്കൾ. മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവച്ചിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മരുന്നിന്‍റെ ഗുണനിലവാരത്തെപ്പറ്റി സംശയമുണ്ടെന്നും അഭിരാമിയുടെ ബന്ധുക്കള്‍ പറഞ്ഞു.
പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധന ഫലം ഇന്ന്(05.09.2022) വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം കുട്ടിയുടെ ചികിത്സയ്‌ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.
പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിന് പൂനെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബിലേക്കും സാമ്പിള്‍ അയക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ പരിശോധന ഫലം പുറത്തുവരാനിരിക്കെ ആണ് അഭിരാമിയുടെ ജീവൻ നഷ്‌ടമായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന റാന്നി പെരുനാട് മന്ദപ്പുഴ ചേത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്‍റെ മകള്‍ അഭിരാമി ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.