പത്തനംതിട്ട:ഇലന്തൂരിലെ ഇരട്ടനരബലി നടന്ന ഭഗവല്‍ സിങ്ങിന്‍റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് അസ്ഥി കഷ്‌ണം കണ്ടെടുത്തു. ഇത് മനുഷ്യന്‍റേതാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായില്ല. വിശദമായ ശാസ്‌ത്രീയ പരിശോധനക്ക് ശേഷം മാത്രമേ അസ്ഥി മനുഷ്യന്‍റേതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമാകൂ.
ഇലന്തൂരിലെ വീട്ടില്‍ നിന്ന് അസ്ഥി കഷ്‌ണം ലഭിച്ചു പ്രത്യേക പരിശീലനം നേടിയ മായ, മര്‍ഫി എന്നീ പൊലീസ് നായകളെ എത്തിച്ചായിരുന്നു വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്‌ധ പരിശീലനം നേടിയ നായ്‌ക്കളാണ് മായയും മര്‍ഫിയും.
40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്‌ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും. നരബലി കേസില്‍ മായയുടെയും മര്‍ഫിയുടെയും സഹായം ഏറെ നിര്‍ണായകമാണ്.
മുമ്പ് മൃതദേഹം കണ്ടെടുത്ത സ്ഥലത്തിന് സമീപവും പൊലീസ് നായ മണം പിടിച്ച് നില്‍ക്കുന്ന സ്ഥലവും മണ്ണ് ഇളകി കിടക്കുന്ന സ്ഥലവും കുഴിച്ച് അന്വേഷണ സംഘം അടയാളപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നട്ട ചെമ്പകത്തിന്‍റെ തൈ പിഴുതുമാറ്റി അവിടെയും പൊലീസ് അടയാളപ്പെടുത്തി. ഇന്ന്(ഒക്‌ടോബര്‍ 15) ഉച്ചയോടെ മൂന്ന് പ്രതികളെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വീടിന്‍റെ പരിസരത്ത് ജനങ്ങള്‍ തടിച്ച് കൂടിയിരുന്നു. വന്‍ സുരക്ഷ ഒരുക്കിയായിരുന്നു പൊലീസിന്‍റെ പരിശോധന. അന്വേഷണ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിയാലോചന നടത്തിയായിരുന്നു പരിശോധന നടത്തിയത്.